“ലാലേട്ടൻ ഇങ്ങനെ നിൽക്കാൻ കാരണം ഇപ്പുറത്ത് മമ്മൂക്ക ഉള്ളത് കൊണ്ടാണ് ” ; തരുൺ മൂർത്തിയുടെ വാക്കുകൾ ശ്രദ്ധനേടുന്നു
1 min read

“ലാലേട്ടൻ ഇങ്ങനെ നിൽക്കാൻ കാരണം ഇപ്പുറത്ത് മമ്മൂക്ക ഉള്ളത് കൊണ്ടാണ് ” ; തരുൺ മൂർത്തിയുടെ വാക്കുകൾ ശ്രദ്ധനേടുന്നു

മലയാള സിനിമയിൽ ഇപ്പോൾ ആഘോഷിക്കപ്പെടുന്നൊരു സംവിധായകനുണ്ട്. തരുൺ മൂർത്തി. അതിന് കാരണവും ഉണ്ട്. തങ്ങളുടെ പഴയ മോഹൻലാലിനെ തിരികെ മലയാളികൾക്ക് സമ്മാനിച്ചു എന്നതാണത്. അതും തുടരും എന്ന സിനിമയിലൂടെ. ആദ്യദിനം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ തുടരും ഗംഭീരമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയേയും കുറിച്ച് തരുൺ മൂർത്തി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

“ഞാൻ രണ്ട് പേരെയും ബഹുമാനിക്കുന്ന ആളാണ്. എനിക്ക് സിനിമയാണ് വലുത്. സിനിമയെ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആ സിനിമയിൽ ഇഷ്ടപ്പെടുന്ന ഒരു വലിയ നടൻ അല്ലെങ്കിൽ കുറച്ച് ഇഷ്ടക്കൂടുതലുള്ള വലിയ നടൻ തന്നെയാണ് മോഹൻലാൽ. ലാലേട്ടൻ ഇങ്ങനെ നിൽക്കാൻ കാരണം ഇപ്പുറത്ത് മമ്മൂക്ക ഉള്ളത് കൊണ്ടാണ്. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അതുതന്നെയാണ് അതിന്റെ സത്യവും. മമ്മൂക്ക ഇങ്ങനെ നിൽക്കുന്നതിന് കാരണം മോഹൻലാലാണ്. മോഹൻലാൽ നിൽക്കാൻ കാരണം മമ്മൂക്കയാണ്. അതാണ് സത്യം. നമ്മൾ ബഹുമാനിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്”, എന്നായിരുന്നു തരുൺ മൂർത്തി പറഞ്ഞത്. ജാങ്കോ സ്പെയ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു തരുണിന്റെ പ്രതികരണം

ഏപ്രില്‍ 25ന് ആയിരുന്നു തരുണ്‍ മൂര്‍ത്തിയുടെ തുടരും തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം പത്ത് ദിവസത്തിനുള്ളില്‍ തന്നെ ആഗോളതലത്തില്‍ 100 കോടി എത്തിയിരുന്നു. നിലവില്‍ 184 കോടി രൂപയാണ് തുടരും നേടിയിരിക്കുന്നതെന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ 85 കോടിയും നേടിയിട്ടുണ്ട്. ഇന്നത്തോടെ എമ്പുരാന്‍റെ കേരള കളക്ഷന്‍ തുടരും മറികടക്കുമെന്നാണ് വിലയിരുത്തല്‍.