
തിയറ്ററില്‍ ആളെ നിറച്ച് ദിലീപിൻ്റെ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’
ദിലീപിന്‍റെ 150-ാം ചിത്രം എന്ന പ്രത്യേകതയോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് രചന നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മെയ് 9 വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടിയെടുക്കാന്‍ ചിത്രത്തിനായി. സമീപകാലത്ത് ഏറ്റവും മികച്ച പ്രതികരണം നേടുന്ന ദിലീപ് ചിത്രം കൂടിയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഈ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി തിയറ്ററുകളില്‍ പ്രതിഫലിക്കുന്നുണ്ട്.
ബോക്സ് ഓഫീസിലും ഈ ജനപ്രീതിയുടെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. റിലീസ് ദിനം മുതലിങ്ങോട്ട് ഓരോ ദിവസവും കളക്ഷനില്‍ വര്‍ധനയുമായാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ദിലീപ് അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രമായ പ്രിൻസിന്റെ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. വിവാഹ പ്രായമായിട്ടും പെണ്ണ് കിട്ടാത്ത, അനിയന്മാരുടെയെല്ലാം വിവാഹം കഴിഞ്ഞ്, ഒരു കുടുംബത്തിന്റെ മൊത്തം ചുമതല തലയിലെടുത്ത് വച്ച് നടക്കുന്ന നായകനാണ് പ്രിൻസ്. ഏറെക്കാലമായി സ്ക്രീനില്‍ മിസ് ചെയ്തിരുന്ന ആ പഴയ ദിലീപിനെ തങ്ങള്‍ക്ക് വീണ്ടും കാണാന്‍ സാധിച്ചുവെന്നാണ് ദിലീപ് ആരാധകരുടെ അഭിപ്രായങ്ങള്‍. ദിലീപിന് പുറമെ സിദ്ദിഖ്, മഞ്ജു പിള്ള, ബിന്ദു പണിക്കർ, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, ഉർവശി, ജോസ് കുട്ടി ജേക്കബ് തുടങ്ങി വലിയ താരനിര തന്നെയാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’ യുടെ മറ്റൊരു പ്രത്യേകത.
മീശ മാധവൻ, ലൈഫ് ഓഫ് ജോസൂട്ടി, കാര്യസ്ഥൻ, പാപ്പി അപ്പച്ചാ, ലയൺ, കല്യാണ രാമൻ, റൺവേ തുടങ്ങി ദിലീപിന്റെ മിക്ക കുടുംബ ചിത്രങ്ങളും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. തന്റെ നൂറ്റമ്പതാമത്തെ ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നുവെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ ആഗ്രഹത്തിനോടൊപ്പം മാജിക് ഫ്രെയിംസും കൂടി ചേർന്നപ്പോൾ മനോഹരമായ ഒരു കുടുംബ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി പിറന്നു.