
“ലഹരിക്കെതിരെയാണ് ആ നമ്പര്‍ ഉപയോഗിക്കേണ്ടത്, മമ്മൂക്കയുടെ വിശേഷങ്ങൾ അറിയാനല്ല”
വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഏതാനും ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സർക്കാരും കൈകോർക്കുന്ന ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ടോക് ടു മമ്മൂക്ക എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണിത്. 6238877369 എന്ന നമ്പറിനാണ് വിളിക്കേണ്ടത്. പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും.
ഈ അവസരത്തിൽ ലഹരിക്കെതിരെയാണ് ഈ നമ്പർ ഉപയോഗിക്കേണ്ടതെന്നും മമ്മൂട്ടിയുടെ വിശേഷങ്ങൾ അറിയാനല്ലെന്നും പറയുകയാണ് നടന്റെ പിഐർഒ റോബർട്ട് കുര്യാക്കോസ്. അദ്ദേഹത്തിന്റെ വിശേഷങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള കോളുകളുടെ എണ്ണം കൂടുമ്പോൾ, പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം മുൻ നിറുത്തി വരുന്ന കോളുകൾ വേർതിരിച്ചെടുക്കാൻ വലിയ പ്രയാസം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
“പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിടുമ്പോൾ “ടോക് ടു മമ്മൂക്കയിലേക്ക് ”വന്ന ആയിരക്കണക്കിന് കോളുകൾ പദ്ധതിയുടെ വിജയം വിളിച്ചു പറയുമ്പോളും ഒരു കാര്യം ഓർമിപ്പിക്കേണ്ടി വരുന്നു .ലഹരി കച്ചവടങ്ങൾക്കെതിരെയും ലഹരിക്ക് അടിമപ്പെട്ടവരുടെ കൗൺസിലിംഗ് ഏർപ്പെടുത്തുന്നതിനും വേണ്ടിയാണ് ആ നമ്പർ ഉപയോഗിക്കേണ്ടത്. മമ്മൂക്കയുടെ ശബ്ദം കേൾക്കുന്നതിനും അദ്ദേഹത്തിന്റെ വിശേഷങ്ങൾ അന്വേഷിച്ചുകൊണ്ടുമുള്ള കോളുകളുടെ എണ്ണം കൂടുമ്പോൾ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം മുൻ നിറുത്തി വരുന്ന കോളുകൾ വേർതിരിച്ചെടുക്കുവാൻ വലിയ പ്രയാസം അനുഭവപ്പെടുന്നുണ്ട്. മമ്മൂക്ക ലക്ഷ്യമിടുന്ന യഥാർത്ഥ ലക്ഷ്യം നേടുന്നതിന്, ലഹരി ഉപഭോഗം തുടച്ചുനീക്കുന്നതിന് നമുക്ക് ഒരുമിച്ച് പോരാടാം”, എന്നായിരുന്നു പിആർഒ യുടെ വാക്കുകൾ