
കബഡി പ്രമേയമായി ഷെയ്ന് നിഗത്തിന്റെ ചിത്രം ; ടൈറ്റിൽ ഗ്ലീംബ്സ് ഇന്ന് പുറത്തു വിടും
ഷെയിൻ നിഗമിന്റെ 25-ാമത് ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിബ്സ് ഇന്ന് രാത്രി 9 മണിക്ക് റിലീസ് ചെയ്യും. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നൽകിയ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകൻ ഒരു പുതുമുഖമാണ്. പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗം ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനലും നിർവഹിക്കുന്നു.
എസ്. ടി. കെ ഫ്രെയിംസിന്റെ 14-മത് ചിത്രം, സന്തോഷ് ടി കുരുവിള നിർമ്മാതാവായ ചിത്രങ്ങളിലെ ആറാമത്തെ നവാഗത സംവിധായകന്റെ ചിത്രം എന്നീ പ്രത്യേകതകൾ കൂടി ഈ ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമിച്ച “തങ്കം” എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി ശിവലിംഗം. നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ ചിത്രം “മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ സംവിധായകനാകുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാൾ, ആർക്കറിയാം എന്ന ചിത്രത്തിലൂടെ സംവിധായകൻ സനു ജോൺ വർഗീസ്, നീരാളി സിനിമയുടെ സംവിധായകൻ അജോയ് വർമ്മ, പെണ്ണും പൊറാട്ടും സിനിമയിലൂടെ രാജേഷ് മാധവൻ എന്നിവർ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞത് സന്തോഷ്.ടി. കുരുവിളയുടെ ചിത്രങ്ങളിലൂടെയാണ്