
വെളിച്ചം കാണാതെ പോയ മലയാള സിനിമകൾ …!!
കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിച്ച് റിലീസ് ചെയ്യാനാകാതെ ഇപ്പോഴും പെട്ടിക്കകത്ത് തന്നെ ഇരിക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടം 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു തിയേറ്ററുകളിലെത്തിയത്. അത്തരത്തിൽ വെളിച്ചം കാണാതെ പോയ മലയാള സിനിമകളെ കുറിച്ച് വിപിൻ പങ്കുവെച്ച കുറിപ്പ് വായിക്കാം
കുറിപ്പിൻ്റെ പൂർണരൂപം
വെളിച്ചം കാണാതെ പോയ മലയാള സിനിമകൾ
വലിയ പ്രതീക്ഷയിൽ അണിയറയിൽ ഒരുങ്ങി ഒടുവിൽ സാങ്കേതിക തടസ്സങ്ങൾ കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ റിലീസ് ആകാതെ പെട്ടിയിലായതോ,പാതിവഴിയിൽ നിന്ന് പോയതോ അല്ലെങ്കിൽ അന്നൗൺസ്മെന്റ്നു ശേഷം കാര്യമായ അനക്കം ഒന്നും ഇല്ലാതെ പോയതോ ആയ അനേകം സിനിമകൾ ഉണ്ട്. ഇതിൽ സൂപ്പർ താര ചിത്രങ്ങളും വമ്പൻ പ്രൊഡക്ഷൻ ഹൗസുകളുടെയും സംവിധായകരുടെയും ചിത്രങ്ങളും അനവധിയുണ്ട്. ..ഷൂട്ടിംഗ് പൂർത്തിയായ ശേഷവും പുറത്തിറക്കാൻ പറ്റാത്തതാണ് ഏറ്റവും ദൗർഭാഗ്യകരം. ഇവയൊന്നും ഇനി ഒരിക്കലും വെളിച്ചം കാണാൻ ഇടയുമില്ല.
അവയിൽ ചിലത്
1.സ്വപ്നമാളിക
വർഷങ്ങൾക്കു മുൻപ്, 2009ൽ മോഹൻലാൽ കഥയെഴുതുന്ന സിനിമ എന്ന പ്രത്യേകതയുമായി അണിയറയിൽ ഒരുങ്ങിയ ചിത്രമാണ് സ്വപ്നമാളിക. കരിമ്പിൽ ഫിലിംസിന് വേണ്ടി KA ദേവരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇസ്രായേലിയൻ നടി എലേനയായിരുന്നു ഈ ചിത്രത്തിലെ നായിക. വാരാണസിയിലും കേരളത്തിലുമായി ചിത്രീകരിച്ച ഈ സിനിമയിൽ ഡോക്ടർ അപ്പുനായർ എന്ന ഓങ്കോളജിസ്റ്റിന്റെ വേഷമായിരുന്നു ലാലിന്. ചിത്രീകരണം പൂർത്തിയായിട്ടും ഈ സിനിമ ഇപ്പോഴും ചില സാങ്കേതികതകളിൽ കുടുങ്ങി കിടക്കുകയാണ്. സിനിമയുടെ ട്രൈലെർ യൂട്യൂബിൽ ലഭ്യമാണ്.
2.സ്റ്റാറിങ് പൗർണമി
2015 ൽ ചിത്രീകരണം ആരംഭിച്ച, ടോവിനോ, സണ്ണിവെയ്ൻ എന്നിവർ അഭിനയിച്ച ചിത്രമായിരുന്നു സ്റ്റാറിങ് പൗർണമി.ജയരാജിന്റെ അസിസ്റ്റന്റ് ആയിരുന്ന ആൽബി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. നല്ല ടെക്നിക്കൽ ക്വാളിറ്റിയുള്ള ഈ ചിത്രം ടൈംസ്ലൈസ് എന്ന സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ച മലയാള ചിത്രം കൂടിയാണ്. നൂറോളം ക്യാമെറകൾ ഉപയോഗിച്ച് ഷൂട്ട് ചെയ്ത മനോഹരമായ ക്ലൈമാക്സ് രംഗങ്ങൾ ആണ് സിനിമയുടേത്. നല്ല ഒരു പ്രണയകഥയായിരുന്നിട്ട് കൂടി നിർമാതാവിന്റെ സാമ്പത്തിക പ്രയാസങ്ങൾ മൂലം ചിത്രം മുഴുവനായില്ല. 70 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായ സ്റ്റാറിങ് പൗർണ്ണമിയുടെ മനോഹരമായ ട്രൈലെർ യൂട്യൂബിൽ കാണാം.
3.സെൻട്രൽ പിക്ചർസിന് വേണ്ടി ലോഹിതദാസ് എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി 1991 ൽ ഒരുങ്ങേണ്ടിയിരുന്ന ചിത്രമായിരുന്നു ‘തമ്പുരാൻ’. കൈതപ്രം എഴുതി സലീൽ ചൗദരി ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങിയെങ്കിലും സിനിമ യാഥാർഥ്യമായില്ല.
4.ജമീന്ദാർ
സുരേഷ് ഗോപിയെ നായകനാക്കി 2001ൽ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജമീന്ദാർ. കേരളാ – തമിഴ്നാട് അതിർത്തിയിൽ ഉള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഈ ചിത്രത്തിന് തിരക്കഥയെഴുതിയത് ഉദയ് കൃഷ്ണ – സിബി കെ തോമസ് ആണ്. ദിവ്യ ഉണ്ണി, നന്ദിനി, രാധിക ചൗധരി എന്നിങ്ങനെ മൂന്നു നായികമാർ ആയിരുന്നു ഈ ആക്ഷൻ കോമഡി എന്റെർറ്റൈനറിൽ. ചിത്രീകരണം പൂർത്തിയായെങ്കിലും ഈ സിനിമയും റിലീസ് ആയില്ല.
5.ഓസ്ട്രേലിയ
1992ൽ മോഹൻലാൽ, ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്ട്രേലിയ. രമ്യ കൃഷ്ണൻ നായികയായ ഈ ചിത്രം കാർ റേസിംഗുമായി ബന്ധപ്പെട്ട കഥയാണ് പറഞ്ഞത്. ചിത്രീകരണം തുടങ്ങിയ ഈ സിനിമ ബഡ്ജറ്റ് പ്രശ്നങ്ങൾ കൊണ്ട് തൊട്ടടുത്ത വർഷത്തേയ്ക്ക് മാറ്റി വെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചില്ല. ഓസ്ട്രേലിയയ്ക്ക് വേണ്ടി ചിത്രീകരിച്ച കാർ റേസിംഗ് രംഗങ്ങൾ ആണ് പിന്നീട് തന്റെ ‘ബട്ടർഫ്ളൈസ്’ എന്ന ചിത്രത്തിൽ രാജീവ് അഞ്ചൽ മോഹൻലാലിന്റെ ഇൻട്രോ സീനിൽ ഉപയോഗിച്ചത്.
ഈ സീരീസ് തുടരും. ..നിങ്ങൾക്കറിയാവുന്ന ചിത്രങ്ങൾ കൂട്ടിച്ചേർക്കൂ.
✍️ വിപിൻ കല്ലിങ്ങൽ
#Unreleasedmalayalammovies