
23 വർഷങ്ങൾക്ക് ശേഷം ‘രാമൻകുട്ടി’ വരുന്നു, റീ- റിലീസിന് കല്യാണരാമൻ
സമീപകാലത്ത് സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു കാര്യമാണ് റീ റിലീസുകൾ. മലയാളത്തിലടക്കം ഒട്ടനവധി സിനിമകൾ ഇതിനകം പുത്തൻ സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ മോഹൻലാൽ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി സിനിമകൾക്ക് പിന്നാലെ മലയാളത്തിൽ നിന്നും മറ്റൊരു നടന്റെ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. ദിലീപ് നായകനായി എത്തിയ കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്.
കല്യാണരാമൻ 4കെ അറ്റ്മോസിൽ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ സിനിമയുടെ റീ റിലീസ് തിയതി പുറത്തുവരും. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ദിലീപ് ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തുന്നത്. മീശ മാധവൻ, റൺവേ, C. I. D. മൂസ, വെട്ടം തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്യണമെന്നാണ് കമന്റുകളിൽ ഏറെയും.
2002 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രമാണ് കല്യാണരാമൻ. ഷാഫിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രാമൻകുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, ഇന്നസെന്റ്, സലിംകുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി വൻ താരനിരയും അണിനിരന്നിരുന്നു. കോമഡി റൊമാന്റിക് ചിത്രമായിരുന്നു ഇത്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ചിത്രം കൂടിയാണ് കല്യാണരാമൻ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആയിരുന്നു. റീ റിലീസ് വെർഷൻ 2026 ജനുവരിയിൽ എത്തുമെന്നാണ് വിവരം.