” വേടന്റെ കഞ്ചാവിനൊപ്പമില്ല..  പക്ഷെ അവന്റെ നെഞ്ചുരുക്കുന്ന പാട്ടുകൾക്കും, നിലപാടുകൾക്കും ഒപ്പമാണ് “
1 min read

” വേടന്റെ കഞ്ചാവിനൊപ്പമില്ല.. പക്ഷെ അവന്റെ നെഞ്ചുരുക്കുന്ന പാട്ടുകൾക്കും, നിലപാടുകൾക്കും ഒപ്പമാണ് “

വോയിസ് ഓഫ് വോയിസ്ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ എന്ന ഹിരൺദാസ് മുരളി. വോയിസ് ഓഫ് വോയിസ്ലെസ്സിലൂടെ അടിച്ചമർത്തലിൽ ശബ്ദം നഷ്ടമാർവർക്ക് പറയാനുള്ളതെല്ലാം വേടൻ പറഞ്ഞു ജാതിയെക്കുറിച്ചും ജാതി വിവേചനത്തെക്കുറിച്ചുമെല്ലം തന്റെ വരികളിലൂടെയും അഭിമുഖങ്ങളിലൂടെയും സംസാരിക്കാറുള്ള വേടൻ ഫ്ലാറ്റിൽ നിന്ന് ലഹരി കണ്ടെടുത്ത കേസിലും പുലിപ്പല്ല് കൈവശം വച്ച കേസിലും പ്രതി ചേർക്കപ്പെട്ട് വിമർശനങ്ങൾ നേരിടുകയാണ്. ലഹരി ഉപയോഗത്തില്‍ വലയിലായതോടെ റാപ്പിലൂടെ വേടന്‍ പാടിയതിന്‍റെ നേരും പതിരും തിരയുകയാണ് ആരാധകര്‍. അത്തരത്തിൽ ഉസ്മാൻ ഹമീദ് പങ്കുവെച്ച ഫേയ്സ് ബുക്ക് പോസ്റ്റ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

വേടന്റെ പാട്ടുകളുടെയോ, വേടനെപ്പറ്റിയുള്ള പോസ്റ്റുകളുടെയോ കമന്റ് ബോക്‌സ് ശ്രദ്ധിച്ചിട്ടുണ്ടോ.?

 

അയാളുടെ ജാതി പറഞ്ഞും, നിറം പറഞ്ഞും അധിക്ഷേപിക്കുന്ന സവർണ്ണ മാടമ്പികളുടെ കമന്റുകളായിരിക്കും കൂടുതൽ..

 

അത് അയാളുടെ ജാതിയോട് മാത്രമുള്ള വിരോധമല്ല..

തന്റെ പാട്ടുകളിലൂടെ അയാൾ ഉയർത്തുന്ന നിലപാടുകളോടും കൂടിയുള്ള അവരുടെ വിരോധമാണ്..

താഴ്ന്ന ജാതിക്കാരൻ ആയതിനാൽ താൻ അനുഭവിക്കേണ്ടിവന്ന, തന്റെ സഹജീവികൾ അനുഭവിക്കുന്ന വിവേചനമാണ് 25 വയസുമാത്രം പ്രായമുള്ള വേടൻ തന്റെ പാട്ടുകളിലൂടെ തുറന്ന് കാണിക്കുന്നത്..

സ്വാഭാവികമായും അയാൾ വിരൽ ചൂണ്ടുന്ന ആളുകൾക്ക് പുകയും..

മാറേണ്ടത് അയാളല്ല..

അയാൾ ഉൾപ്പെടുന്ന സമൂഹങ്ങളോട് പുരോഗമന ജനതയെന്നു മേനി നടിക്കുന്ന നമ്മളുടെ മനോഭാവമാണ്..

തൊലി കറുത്തവന്റെ തമാശയെയും, കഴിവിനെയും, കലാരൂപങ്ങളെയും “കോളനി വാണങ്ങൾ, കരിഞ്ഞ ഷാരൂഖ് ഖാൻ, കഞ്ചാവ് ടീംസ്.” എന്നൊക്കെ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഇല്ലാത്ത എത്ര പോസ്റ്റുകൾ ഈ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നമുക്ക് കാണാൻ സാധിക്കും.?

ഇന്നും ക്ഷേത്രത്തിൽ കയറിയതിനും, വിവാഹത്തിന് കുതിരപ്പുറത്ത് കയറിയതിനും, മേൽജാതിയിലുള്ള പെൺകുട്ടിയെ പ്രണയിച്ചതിനും, കല്യാണം കഴിച്ചതിനും, എന്തിന് മേൽ ജാതിക്കാരനെ തൊട്ടതിനുപോലും ചവിട്ടിയോടിക്കുന്ന, തല്ലിക്കൊല്ലുന്ന, വീടുകയറി ആക്രമിക്കുന്ന, പ്രദേശത്തുനിന്നും പുറത്താക്കുന്ന വാർത്തകൾ ദിനേന വന്നുകൊണ്ടിരിക്കുന്ന രാജ്യത്തിരുന്നാണ് നാം നമ്മുടെ പുരോഗമന ഗീർവാണങ്ങൾ പറയുന്നത്..

അതനുഭവിക്കുന്ന ജനതയിലെ കോടിയിലൊരുത്തൻ, അത് വിളിച്ചുപറഞ്ഞാൽ, അതിനെ അപരാധവും, അവരാതവും ആക്കുന്നവരാണ് ഇന്ന് അഞ്ചുഗ്രാം കഞ്ചാവ് പിടികൂടിയതിന് അയാളുടെ പിന്നാലെ അട്ടഹസിച്ചു കൂടിയിരിക്കുന്നവരിൽ അധികവും..

നിങ്ങളിൽ മദ്യപിക്കാത്തവരും, ഒരവസരം കിട്ടിയാൽ കഞ്ചാവ് വലിക്കാത്തവരും മാത്രം കമന്റിടുക എന്നൊരു സത്യം അളക്കുന്ന മീറ്റർ വെച്ചു പ്രഖ്യാപിച്ചാൽ ആ കമന്റ് ബോക്‌സ് മിക്കവാറും കാലിയാവും..

അതുകൊണ്ടുതന്നെ വേടന്റെ കഞ്ചാവിനൊപ്പമില്ല..

പക്ഷെ അവന്റെ നെഞ്ചുരുക്കുന്ന പാട്ടുകൾക്കും, നിലപാടുകൾക്കും ഒപ്പമാണ്..

 

വേടൻ.. ❤️

 

©ഉസ്മാൻ ഹമീദ്