കബഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ബള്‍ട്ടി’ ടൈറ്റില്‍ ഗ്ലിംപ്‌സ് 2 മില്യൺ കടന്നു. ..
1 min read

കബഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ബള്‍ട്ടി’ ടൈറ്റില്‍ ഗ്ലിംപ്‌സ് 2 മില്യൺ കടന്നു. ..

വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉൾക്കൊള്ളിച്ചുകൊണ്ട് ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി’യുടെ ഒഫീഷ്യൽ ടൈറ്റിൽ ഗ്ലിംപ്സ് ഇപ്പോഴിതാ 2 മില്യൺ വ്യൂസ് നേടി മുന്നേറുകയാണ്. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം.

കുത്ത് പാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഗ്ലിംപ്സിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് ലഭിച്ചത്. ഓണത്തിന് പുറത്തിറങ്ങുന്ന ആഘോഷചിത്രം ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലർന്ന ഭാഷസംസാരിക്കുന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും പശ്ചാത്തലമായി വരുന്നുണ്ട്.

ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ വൻവിജയത്തിന് ശേഷം സന്തോഷ് ടി. കുരുവിള നിർമിക്കുന്ന ചിത്രം കൂടിയാണ് ‘ബൾട്ടി’. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ‘ബൾട്ടി’യിൽ ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും പങ്കുചേരുന്നു. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും. ചിത്രത്തിലെ സുപ്രധാന താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.