ഏറ്റവും ഒടുവിൽ അവന്റെ വരവ്, കളങ്കാവൽ ട്രെയിലർ പുറത്ത്
1 min read

ഏറ്റവും ഒടുവിൽ അവന്റെ വരവ്, കളങ്കാവൽ ട്രെയിലർ പുറത്ത്

മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിന്റെ ട്രെയിലർ റിലീസ് ചെയ്തു. തിരുവനന്തപുരവും തമിഴ്നാടും അതിർത്തി പങ്കിടുന്ന കോട്ടായിക്കോണം എന്ന സ്ഥലവും അവിടെ നടക്കുന്ന അസാധാരണമായൊരു കുറ്റന്വേഷണ കഥയുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സുചന. ഒരു മിറ്റും 50 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ആദ്യമുതൽ തിളങ്ങിയത് വിനായകൻ ആണെങ്കിലും ഏറ്റവും ഒടുവിൽ ഷാഡോയിൽ സിഗരറ്റും വലിച്ചിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെയും കാണാം.

പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ഈ ട്രെയിലർ നൽകുന്നത്. മുൻപൊരിക്കലും കാണാത്ത തരത്തിലുള്ള മമ്മൂട്ടിയുടെ വേഷ പകർച്ചയും അഭിനയ വിസ്മയവുമായിരിക്കും ചിത്രത്തിലൂടെ കാണാൻ സാധിക്കുകയെന്നും പ്രതീക്ഷ നൽകുന്നു. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്ന് ഉറപ്പാണ്. ഒറ്റ ഷോട്ടിൽ മാത്രമാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മുജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഫൈസൽ അലി ഒരുക്കിയ ഗംഭീര ദൃശ്യങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ട്രെയിലർ സൂചന നൽകുന്നുണ്ട്.

ചിത്രം നവംബര്‍ 27ന് തിയറ്ററുകളില്‍ എത്തും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.