“അമിത പ്രതീക്ഷ വേണ്ട, ഇൻട്രസ്റ്റിംഗ് ആയിരിക്കും”; ‘ഭ ഭ ബ’യെ കുറിച്ച് അശോകൻ

ചില സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപ് തന്നെ പ്രേക്ഷകരിലും സോഷ്യൽ മീഡിയകളിലും ആവേശം നിറയ്ക്കും. അത്തരത്തിലൊരു സിനിമയാണ് ഭ ഭ ബ. ഭയം ഭക്തി ബഹുമാനം എന്ന് പൂർണരൂപമുള്ള പടത്തിലെ നായകൻ ദിലീപ് ആണ്. ഒപ്പം അതിഥി വേഷത്തിൽ മോഹൻലാലും. പിന്നെ പറയേണ്ടല്ലോ പൂരം. സിനിമയ്ക്കായി അത്രത്തോളം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോരുത്തരും. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടൻ അശോകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

വളരെ രസകരമായൊരു സബ്ജക്ട് ആണ് ഭ ഭ ബ പറയുന്നതെന്നും ഓവർ പ്രതീക്ഷ ഒരുപടത്തിനും കൊടുക്കാൻ പാടില്ലെന്നും ഇൻട്രസ്റ്റിംഗ് ആയിരിക്കും ചിത്രമെന്നും അശോകൻ പറയുന്നു. “എനിക്ക് ദിലീപുമായി കോമ്പിനേഷൻ ഉണ്ട്. മോഹൻലാലുമായി കോമ്പിനേഷൻ ഇല്ല. ഓവർ പ്രതീക്ഷയൊന്നും വേണ്ട. എന്നിരുന്നാലും രസമുള്ളൊരു ഇൻട്രസ്റ്റിംഗ് പടമയിരിക്കും ഭഭബ. കിടിലൻ ഫൈറ്റ്സ് ഒക്കെയുണ്ട്. നമ്മൾ ഓവർ പ്രതീക്ഷ ഒരുപടത്തിനും കൊടുക്കാൻ പാടില്ല. വളരെ രസമുള്ളൊരു പടമായിരിക്കുമെന്ന് വിശ്വാസമുണ്ട്. അത്യാവശ്യം സംഭവങ്ങളൊക്കെ ഉള്ള പടമായിരിക്കും. രസമുള്ളൊരു സബ്ജക്ട് ആണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഇൻട്രസ്റ്റിംഗ് പടമായിരിക്കും ഭഭബ”, എന്നായിരുന്നു അശോകന്റെ വാക്കുകൾ.

ധ്യാൻ ശ്രീനിവസാനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്ന ഭ ഭ ബയുടേതായി നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ പടം എത്തിക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് അടുത്തിടെ ധ്യാൻ അറിയിച്ചിരുന്നു. ഭ ഭ ബയിൽ മോഹൻലാലും ദിലീപും തമ്മിലൊരു ഗാനരംഗം ഉണ്ടെന്ന് നേരത്തെ ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് താരദമ്പതികളായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്.