
മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് കുതിച്ച് ബൾട്ടി…!!!
ഷെയിൻ നിഗം നായകനായി എത്തിയ ‘ബൾട്ടി’ മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് കുതിക്കുകയാണ്. മറ്റ് വമ്പൻ റിലീസുകൾ എത്തിയെങ്കിലും ബൾട്ടിക്ക് കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഒരു ആഴ്ച പിന്നീടുമ്പോൾ ചിത്രം പത്തു കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങൾ കൊണ്ടും തന്റെ ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര കാഴ്ച്ചാനുഭവം നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഷെയ്ൻ നിഗത്തിനൊപ്പം അൽഫോൻസ് പുത്രനും സെൽവരാഘവനും ശന്തനുവും ചേർന്നപ്പോൾ വിജയത്തിൻ്റെ മാരക കോമ്പിനേഷനായ് , പിന്നീട് എടുത്തു പറയേണ്ടത് സായ് അഭ്യങ്കറിൻ്റെ മ്യൂസിക്കും വിഷ്ണു ഗോവിന്ദിൻ്റെ സൗണ്ട് ഡിസൈനുമാണ് ,ഈ ചിത്രത്തിൻ്റെ മ്യൂസിക് റെപ്പീറ്റ് വാച്ചിന് പ്രേരിപ്പിയ്ക്കുന്നതാണ്.
കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ചിത്രം കബഡിയും സൗഹൃദവും പ്രണയവും സംഘർഷവുമെല്ലാം പറയുന്നുണ്ട്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം നിർമിച്ചത്.ഷെയിൻ നിഗം, ശന്തനു ഭാഗ്യരാജ്, അൽഫോൻസ് പുത്രൻ , സെൽവരാഘവൻ, പൂർണ്ണിമ ഇന്ദ്രജിത് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.