മമ്മൂട്ടിക്കൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ ..!!
1 min read

മമ്മൂട്ടിക്കൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ ..!!

മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച പ്രഖ്യാപനം ആയിരുന്നു മഹേഷ് നാരായണൻ പടത്തിന്റേത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് നിലവിൽ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ സിനിമയുടെ പേര് സംബന്ധിച്ച ചർച്ചകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു.

ശ്രീലങ്കന്‍ ടൂറിസത്തിന്റെ എക്സ് പേജിൽ വന്നൊരു പോസ്റ്റ് ആയിരുന്നു ചർച്ചകൾക്ക് വഴിവച്ചത്. മോഹൻലാലിനെ ശ്രീലങ്കയിലേക്ക് സ്വാഗം ചെയ്തു കൊണ്ടുള്ള പോസ്റ്റിൽ ആയിരുന്നു ‘പേട്രിയറ്റ്’ എന്ന പേര് വന്നത്. പിന്നാലെ ഇതാണ് സിനിമയുടെ പേരെന്ന് ചർച്ചകൾ സജീവമായി. എന്നാലതല്ലെന്ന് പറഞ്ഞ് നിരവധി പേരും രംഗത്ത് എത്തിയിരുന്നു. ഈ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും എല്ലാം വിരാമമിട്ടിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് ‘പേട്രിയറ്റ്’ എന്നാണെന്ന് മോഹൻലാൽ ഉറപ്പിക്കുകയാണ് ഇപ്പോൾ. ഒരു ശ്രീലങ്കൻ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശ്രീലങ്കയിലെ തന്റെ എക്സ്പീരിയൻസ് എന്താണെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന്, “ഇത് രണ്ടാം തവണയാണ് ഞാൻ ശ്രീലങ്കയിൽ എത്തുന്നത്. നേരത്തെ ഒരു ഷെഡ്യൂൾ കഴിഞ്ഞിരുന്നു. വലിയൊരു സിനിമയാണിത്. എന്നുവച്ചാൽ വൻ താരനിരയുള്ള ചിത്രം. ഞാൻ, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി പേർ. ‘പേട്രിയറ്റ്’ എന്നാണ് സിനിമയുടെ പേര്”, എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ഇത്രയും ഭാ​ഗം മാത്രം കട്ട് ചെയ്താണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വൈകാതെ തന്നെ അണിയറ പ്രവർത്തകർ പേര് പുറത്തുവിടും എന്നാണ് കരുതപ്പെടുന്നത്