
“അവന് ഒരടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണി മുകുന്ദൻതന്നെ കൊടുത്തത് നല്ല കാര്യം” ; സംവിധായകൻ ജയൻ വന്നേരി
മുൻ മാനേജർ വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതി ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. വിഷയത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ചും വിപിൻകുമാറിനെ വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജയൻ വന്നേരി. അദ്ദേഹത്തിൻ്റെ കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം.
2021 ൽ എന്റെ സ്ക്രിപ്റ്റിൽ ഉണ്ണിയെ നായകാനാക്കി ഒരു ബിഗ് ബഡ്ജറ്റ് പടം ചെയ്യാൻ ഒരു സംവിധായകൻ വന്നു. പ്രൊഡ്യൂസർ കന്നഡ സിനികളൊക്കെ ചെയ്ത ഒരാളായിരുന്നു.. അവർക്ക് ഒറ്റ കണ്ടീഷൻ ഉള്ളത് heroine രസ്മിക മന്ദാന ആയിരിക്കണം. ( അന്ന് പുഷ്പ 1 റിലീസ് ചെയ്തിട്ടില്ല.) സൗത്തിലെ 4 ഭാഷയിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് പ്ലാൻ.
പരിപാടി കുറച്ചു വലുതായത് കൊണ്ട് പ്രൊജക്റ്റ് ബാദുഷയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ഗോകുലം പാർക്കിൽ പോയി ബാദുഷയോട് കഥ പറഞ്ഞു. കഥ പുള്ളിക്ക് ഇഷ്ടപ്പെട്ടു.. അദ്ദേഹം തിരക്കിലായത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ പിരിഞ്ഞു. എന്നാൽ അന്ന് രാത്രി പുള്ളിടെ ഒരു friend, റിയാസ് വിളിച്ചു ബാദ്ക്ക കൂടെ ഉണ്ടെന്ന് പറഞ്ഞു പുള്ളിക്ക് ഫോൺ കൊടുത്തു. എന്റെ കഥ ഗംഭീരമാണെന്നും ഉണ്ണിക്ക് പെർഫോം ചെയ്യാൻ ഒത്തിരി സാധ്യതകൾ ഉണ്ടെന്നും കൊമേഴ്‌ഷ്യലി വലിയ വിജയമാകാൻ ചാൻസ് ഉണ്ടെന്നും പറഞ്ഞു.
ഉണ്ണി ദുബായിൽ ആയിരുന്നത് കൊണ്ട് ബാദുഷ പറഞ്ഞത് പ്രകാരം ഉണ്ണീടെ മാനേജർ വിപിനോട് കഥ പറഞ്ഞു.. കഥ കേട്ട് കൊള്ളാമെന്നു പറഞ്ഞ വിപിൻ ഇതിന് എത്ര ബഡ്ജറ്റ് ആകുമെന്ന് ചോദിച്ചു.. 12 cr ആണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു.. എന്തോ അത് അത്ര convincing ആകാത്ത പോലെ ശരി ഞാൻ ഉണ്ണിയോട് പറയാമെന്നു പറഞ്ഞു കൈ തന്ന് പിരിഞ്ഞു. പിന്നീട് ഒരു രണ്ടു മാസം ഒരു അപ്ഡേറ്റ് ന് വേണ്ടി വിപിന്റെയും ബാദുഷയുടേയും നമ്പറിൽ പല തവണ വിളിച്ചു.. ആദ്യമൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞ അവർ പിന്നീട് കാൾ എടുക്കാതെയും msg ന് റിപ്ലൈ ചെയ്യാതെയും ആയി.
ഒടുവിൽ പ്രൊഡ്യൂസർ കൈവിട്ട് പോകുമെന്ന അവസ്ഥയിൽ മലയാളത്തിലെ മറ്റൊരു പ്രൊഡക്ഷൻ കൺട്രോളറെ പ്രൊജക്റ്റ് ഏൽപ്പിച്ചു.. 24 ന് ഞാൻ വിളിച്ചു അദ്ദേഹത്തോട് ആവശ്യം പറഞ്ഞു.. 26 ന് വൈകുന്നേരം 6 മണിക്ക് ഞങ്ങൾ മാരിയറ്റ് ഹോട്ടലിൽ ഉണ്ണിയെ മീറ്റ് ചെയ്തു. ഉണ്ണിയുടെ കൂടെ വിപിനും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അയാളുടെ മുഖം മാറി. ഞങ്ങളാണ് കഥ പറയാൻ വരുന്നതെന്ന് അവന് അറിയില്ലായിരുന്നു. ഡീറ്റൈൽ ആയി കഥ കേൾക്കാൻ സമയമില്ലാത്തത് കൊണ്ട് ഉണ്ണി സിനൊപ്സിസ് കേട്ടു.. ഞാൻ പിച്ച് ഡെക്ക് കാണിച്ചു. അതിൽ ഒരു സീനിൽ വരുന്ന ഒരു ഗസ്റ്റ് റോളിന് ദുൽക്കർ സൽമാനെ ആയിരുന്നു മനസ്സിൽ കണ്ടത്. അത് കണ്ടപ്പോൾ ഉണ്ണി ചോദിച്ചു. ഒരു സീനൊക്കെ ദുൽക്കർ ചെയ്യുമോ..? ഉടനെ അടുത്തിരുന്ന വിപിൻ അറിയാതെ പറഞ്ഞു.. ‘അത് ഞാനും ഇവരോട് ചോദിച്ചതാണ്’. എന്ന്. അപ്പോൾ ഉണ്ണി വിപിനോട് ചോദിച്ചു നീ ഈ കഥ മുൻപ് കേട്ടിരുന്നോ..? വിപിൻ എന്തൊക്കെയോ പറഞ്ഞു ഉരുണ്ടു കളിച്ചു. അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് കഴിഞ്ഞ രണ്ട് മാസമായി ഉണ്ണി ഈ പ്രോജെക്ടിനെ കുറിച് അറിഞ്ഞിട്ട് പോലുമില്ല എന്ന്.
ഉണ്ണിക്ക് പ്രോജെക്ടിൽ താല്പര്യം തോന്നി. ഒരാഴ്ച കഴിഞ്ഞു ഡീറ്റൈൽ ആയി സ്ക്രിപ്റ്റ് വായിച്ചു കേൾക്കാമെന്ന് പറഞ്ഞു പിരിഞ്ഞു.. അപ്പോൾ സംവിധായകന്റെ ഫോണിൽ ബാദുഷയുടെ ഒരു msg വന്നു കിടപ്പുണ്ടായിരുന്നു. Please call me back. എന്ന്. ഇനി തിരിച്ചു വിളിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞു ഡയറക്ടർ ആ msg അവോയ്ഡ് ചെയ്തു. അടുത്ത ദിവസം രാവിലെയും ബാദുഷ ഡയറക്ടറെ വിളിച്ചു. ഡയറക്ടർ call എടുത്തില്ല. ഞങ്ങൾ ഉണ്ണിയോട് സംസാരിക്കുന്ന നേരം വിപിൻ ആർക്കോ കാര്യമായി msg type ചെയ്ത് അയക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ ബാദുഷക്ക് ആയിരുന്നിരിക്കാം.
3 ഡേയ്‌സ് കഴിഞ്ഞപ്പോൾ പ്രൊഡ്യുസർക്ക് കൊച്ചിയിൽ നിന്ന് ഒരു call, ഏതോ ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ. ഉണ്ണിയെ വച്ചു ചെയ്യുന്ന പ്രൊജക്റ്റ് റിസ്ക് ആണെന്നും ഷൂട്ട് പോലും കംപ്ലീറ്റ് ആകില്ലെന്നും. ആയാൽ തന്നെ റിലീസ് ആകുമെന്ന് ഉറപ്പില്ലെന്നുമൊക്കെ പറഞ്ഞു പ്രൊഡ്യുസറെ നന്നായി പേടിപ്പിച്ചു. സംവിധായകനെ വിളിച് ഞാൻ ഒന്ന് ഫാമിലിയുമായി ഡിസ്‌കസ് ചെയ്തിട്ട് ബാക്കി കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞ പ്രൊഡ്യൂസർ 2 ദിവസത്തിന് ശേഷം വിളിച്ചു റിസ്ക് എടുക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞു ആ പ്രോജെക്ടിൽ നിന്ന് പിന്മാറി.
അങ്ങനെ വലിയൊരു പ്രൊജക്റ്റ്, ഒത്തിരി പേരുടെ പ്രയത്നം.. പ്രതീക്ഷ, സ്വപ്‌നങ്ങൾ എല്ലാം അതോടെ ഇല്ലാതായി. അതിന് ഒരു കാരണം ഇന്ന് ഉണ്ണി ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്ത വിപിൻ തന്നെ ആയിരുന്നു.. സത്യത്തിൽ ഉണ്ണിയോട് കഥ പറയാൻ വിപിന്റെ പുറകെ നടന്ന പലരും ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഉണ്ണി ചെയ്തത്. പിന്നെ ഇപ്പൊ അടിച്ചു വിടുന്ന head line
“നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി തല്ലി ” അത് വിപിന്റെ PR ബുദ്ധി മാത്രമാണ്. അവനറിയാം ഒരു വാർത്തയെ എങ്ങനെ highlite ചെയ്യണമെന്ന്. അതാണല്ലോ അവന്റെ പണി. സത്യമെന്തെന്ന് അറിയണമെങ്കിൽ ഉണ്ണിയുടെ ഭാഗം കൂടി കേൾക്കണം.