പ്രണവിനെ കാത്ത് ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടി..!!

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാലിന്‍റെ പുതിയ ചിത്രം ഡീയസ് ഈറേ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം ആരംഭിച്ചു. നായകനായി വെറും അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് പ്രണവ് മോഹന്‍ലാല്‍ ഇതുവരെ ചെയ്തിട്ടുള്ളത്. വല്ലപ്പോഴും വന്ന് ഒരു ചിത്രം ചെയ്ത് പോകുമ്പോള്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷ്മത കരിയറില്‍ ഗുണമാവുകയാണ്. പ്രണവ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറെയുടെ റിലീസ് ഇന്നായിരുന്നു. മലയാള സിനിമയില്‍ ഒരുപക്ഷേ ആദ്യമെന്ന് പറയാവുന്ന പെയ്ഡ് പ്രീമിയറുകള്‍ റിലീസിന് മുന്നോടിയായി ഇന്നലെ രാത്രി നടന്നിരുന്നു. ഭൂതകാലം സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ജോണറിലാണ്. രാഹുലിന്‍റെ മുന്‍ ചിത്രങ്ങളെപ്പോലെതന്നെ മികച്ച പ്രതികരണങ്ങളാണ് പ്രിവ്യൂസില്‍ നിന്നും റിലീസ് ദിനമായ ഇന്നത്തെ ആദ്യ ഷോകളില്‍ നിന്നും ഡീയസ് ഈറേയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച ഓപണിംഗ് ചിത്രം നേടുമെന്നാണ് ട്രാക്കര്‍മാര്‍ പ്രവചിക്കുന്നത്. ചിത്രം പ്രതീക്ഷിക്കപ്പെടുന്ന ട്രാക്കിലൂടെ മുന്നോട്ട് പോയാല്‍ പ്രണവിനെ കാത്ത് ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടി ഇരിക്കുന്നുണ്ട്.
ബോക്സ് ഓഫീസിലെ ഹാട്രിക്ക് 50 കോടി ക്ലബ്ബ് അഥവാ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങള്‍ 50 കോടിക്ക് മുകളില്‍ നേടുക എന്ന നേട്ടമാണ് അത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് മോഹന്‍ലാല്‍ മാത്രമാണ്. അതും ഈ വര്‍ഷം. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവയാണ് 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുള്ളത്. ഇതില്‍ എമ്പുരാന്‍ 268 കോടി നേടിയപ്പോള്‍ തുടരും 235 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഹൃദയപൂര്‍വ്വം 75 കോടിക്ക് മുകളിലും.
പ്രണവ് നായകനായെത്തിയ കഴിഞ്ഞ രണ്ട് ചിത്രങ്ങളും 50 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയവയാണ്. 2024 ലെ ഓണം റിലീസ് ആയെത്തിയ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രണവിന്‍റെ ഇതിന് മുന്‍പുള്ള റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 80 കോടിക്ക് മുകളില്‍ നേടിയിരുന്നു. അതിന് മുന്‍പുള്ള ഹൃദയം (2022) ആവട്ടെ 50 കോടിക്ക് മുകളിലും നേടിയിരുന്നു. ഡീയസ് ഈറേ കൂടി 50 കോടിക്ക് മുകളില്‍ നേടുകയാണെങ്കില്‍ മോഹന്‍ലാലിന് ശേഷം മോളിവുഡില്‍ ആദ്യമായി ഹാട്രിക് 50 കോടി ക്ലബ്ബ് എന്‍ട്രി നേടുന്ന നടനായി പ്രണവ് മാറും.