മലയാള സിനിമയിൽ ചരിത്രം കുറിച്ച് ദുൽഖറും ‘ലോക’യും…!!!
1 min read

മലയാള സിനിമയിൽ ചരിത്രം കുറിച്ച് ദുൽഖറും ‘ലോക’യും…!!!

മലയാള സിനിമയിൽ പുത്തൻ റെക്കോർഡ് ഇട്ട് ലോക ചാപ്റ്റർ 1 ചന്ദ്ര. കല്യാണി പ്രിയദർശനെ നായകനാക്കി ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം 300 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ‘നന്ദി മാത്രം’, എന്ന് കുറിച്ചു കൊണ്ടാണ് 300 കോടി ക്ലബ്ബിൽ ലോക എത്തിയ വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്

ഓഗസ്റ്റ് 28ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. കേരളത്തില്‍ പ്രചാരമുള്ള കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും വന്‍ ദൃശ്യവിരുന്നായിരുന്നു സമ്മാനിച്ചത്. റിലീസ് ചെയ്ത് ആദ്യദിനം മുതല്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള സിനിമ കൂടിയാണിന്ന്. ഇതിന് പുറമെയാണ് ഇന്‍റസ്ട്രി ഹിറ്റടിച്ച് ലോക 300 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്.

കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായിരുന്നു റിലീസ്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയിരുന്നു.