കാമ്പുള്ള പ്രമേയം, കരുത്തുറ്റ തിരക്കഥ; ഇത് ചരിത്രം തിരുത്തിയ വിധി! ‘ജെഎസ്കെ’ റിവ്യൂ വായിക്കാം
1 min read

കാമ്പുള്ള പ്രമേയം, കരുത്തുറ്റ തിരക്കഥ; ഇത് ചരിത്രം തിരുത്തിയ വിധി! ‘ജെഎസ്കെ’ റിവ്യൂ വായിക്കാം

നട്ടെല്ല് വളയ്ക്കാതെ, ചങ്കുറപ്പോടെ, നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന ചിത്രമെന്ന് ചുരുങ്ങിയ വാക്കുകളിൽ ‘ജെഎസ്കെ’യെ വിശേഷിപ്പിക്കാം. പേരിനെ ചൊല്ലി ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ഇന്ത്യാ മഹാരാജ്യത്തിലെ ഓരോ പൗരനും കണ്ടിരിക്കേണ്ട, തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങളാണ് ചിത്രം സ്ക്രീനിലെത്തിച്ചിരിക്കുന്നത്.

 

അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. ‘ഒരു നല്ല അഭിഭാഷകന്‍ ഒരു മോശം ക്രിസ്ത്യാനിയായിരിക്കും’ എന്ന വാചകം ആലേഖനം ചെയ്തിട്ടുള്ള അഡ്വ. ഡേവിഡിന്‍റെ മേശപ്പുറത്തുനിന്നും അയാളുടെ നിലപാടുകൾ വായിച്ചെടുക്കാം. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഒരു കന്യാസ്ത്രീ പീഡന പരാതിയുമായി എത്തുന്ന വക്കീലിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടയിൽ വിദ്യാധരൻ പിള്ള എന്നൊരാൾ മരണപ്പെടുന്നു. ഇതറിയാതെ ആ സ്റ്റേഷനിലേക്ക് ഒരു പരാതിയുമായി എത്തിച്ചേരുകയാണ് വിദ്യാധരന്‍റെ മകള്‍ ജാനകി എന്ന പെൺകുട്ടി. താൻ പീഡിപ്പിക്കപ്പെട്ട പരാതി കൊടുക്കാനെത്തിയ ആ പെൺകുട്ടിയെ കാത്തിരുന്നത് പക്ഷേ അപ്രതീക്ഷിതമായ ഒട്ടേറെ സംഭവ വികാസങ്ങളായിരുന്നു. ജാനകിക്ക് സംഭവിച്ചതെന്താണ്? ജാനകിയെ പീഡിപ്പിച്ചതാരാണ്? ജാനകിക്ക് നീതി ലഭിക്കുമോ? എന്നതാണ് പിന്നീട് ചിത്രം ചർച്ച ചെയ്യുന്നത്.

അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന ഫയർബ്രാൻഡ് വക്കീലായി തകർപ്പൻ പ്രകടനമാണ് സുരേഷ് ഗോപിയുടേത്. ഓരോ നോക്കിലും വാക്കിലും ഇരുപ്പിലും നടപ്പിലും അയാള്‍ തനി വക്കീലാണ്. ഡയലോഗ് ഡെലിവറിയിലും ആക്ഷനിലും ഏറെക്കാലത്തിന് ശേഷം വീണ്ടും ജ്വലിക്കുന്ന പ്രകടനവുമായി ഞെട്ടിച്ചിരിക്കുകയാണ് സുരേഷ് ഗോപി. കോര്‍ട്ട് റൂം ഡ്രാമയായി എത്തിയിരിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ 253-ാമത് സിനിമയാണ്. അനുപമ പരമേശ്വരന്‍റെ ജാനകി എന്ന വേഷവും ഏറെ മികച്ചതാണ്. ‘പ്രേമ’ത്തിലൂടെ മലയാളികളിലേക്ക് കടന്നുവന്ന അനുപമ പരമേശ്വരന്‍ നീണ്ട കാലത്തിന് ശേഷമാണ് തിരികെ മലയാളത്തിലേക്ക് വന്നിരിക്കുന്നത് എന്നതും ജെ എസ് കെയുടെ പ്രത്യേകതയാണ്. ജാനകിയുടെ വേദനകളും ആ പെൺകുട്ടി കടന്നുപോകുന്ന ദുരവസ്ഥയും മാനസിക പീഡനവും ഏറെ കൃത്യതയോടെ ചിത്രത്തിൽ അനുപമ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിൽ അനുപമയ്ക്ക് പുറമെ ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളായുള്ളത്. ശ്രുതിയുടെ കഥാപാത്രമായ അഡ്വ.നിവേദിതയും ഏറെ ശ്രദ്ധേയമാണ്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശർമ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്. ഇവരെല്ലാവരും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്.

 

സുരേഷ് ഗോപിയും മകന്‍ മാധവ് സുരേഷ് ഗോപിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അച്ഛനും മകനും മുഖാമുഖം വരുന്ന ഏതാനും രംഗങ്ങള്‍ സിനിമയിൽ ഏറെ പ്രത്യേകതയാണ്. ജാനകിയുടെ സുഹൃത്ത് നവീനായാണ് മാധവ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഏറെ ചർച്ചയായ ‘ചിന്താമണി കൊലക്കേസി’ന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തിയിരിക്കുന്നത്.

ഏറെ കാമ്പുള്ള ഉള്ളടക്കം, സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ മികച്ച രീതിയിൽ തികഞ്ഞ കൈയ്യടക്കത്തോടെയാണ് സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്. ഈ കാലത്ത് ഏറെ ചർച്ചയാകേണ്ട വിഷയവുമാണ് ചിത്രം സംസാരിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജെ. ഫണീന്ദ്ര കുമാർ ആണ്. രെണദിവെ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും സംജിത് മുഹമ്മദിന്‍റെ എഡിറ്റിംഗും സിനിമയുടെ സ്വഭാവത്തോട് ചേർന്നുപോകുന്നതാണ്. ജിബ്രാന്‍റെ പശ്ചാത്തല സംഗീതവും ഗിരീഷ് നാരായണൻ ഒരുക്കിയിരിക്കുന്ന പാട്ടുകളും ഏറെ മികവ് പുലർത്തിയിട്ടുണ്ട്. നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പം നിൽക്കുന്ന, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ ചിത്രം രാജ്യമാകെ ചർച്ചയാകും തീർച്ചയാണ്.