
വിസ്മയങ്ങളുടെ വളവ്, അടിമുടി നിഗൂഢതകൾ ഒളിപ്പിച്ച് ‘സുമതി വളവ്’; റിവ്യൂ വായിക്കാം
വെള്ളസാരി ഉടുത്ത രൂപം, അഴിച്ചിട്ട മുടിയിഴകൾ, കൂർത്ത പല്ലുകൾ, തുളച്ചുകയറുന്ന നോട്ടം…പ്രേത സിനിമകൾക്ക് കാലകാലങ്ങളായി ഈയൊരു മുഖമായിരുന്നു. കാലക്രമേണ അതിലേറെ മാറ്റം വരികയുണ്ടായി. ആ മാറ്റത്തിനൊപ്പം ആവിർഭവിച്ച ജോണറാണ് ഹൊറർ കോമഡി. ഇപ്പോഴിതാ ഹൊറർ കോമഡി ഫാമിലി എന്റർടെയ്നറായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ‘സുമതി വളവ്’. വൻ വിജയമായി മാറിയ ‘മാളികപ്പുറം’ ടീം വീണ്ടും ഒന്നിക്കുന്നതുകൊണ്ടുതന്നെ ഏവരും ഏറെ പ്രതീക്ഷയോടെ നോക്കിയ ചിത്രമായിരുന്നു ‘സുമതി വളവ്’. ആ പ്രതീക്ഷയോട് നൂറ് ശതമാനം നീതി പുലർത്തുന്ന സിനിമാനുഭവം സമ്മാനിച്ചിരിക്കുകയാണ് ചിത്രം. പ്രായഭേദമന്യേ ഏവർക്കും ആസ്വദിച്ചുകാണാനുള്ളൊരു അസ്സൽ ഹൊറർ ചിത്രമെന്നുറപ്പിച്ച് പറയാം.
കളിയും ചിരിയും നിറഞ്ഞ കല്ലേലി എന്ന ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും അതേ സമയം ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതി എന്നൊരു പെൺകുട്ടിയുടെ കഥയും അതുമായി ബന്ധപ്പെട്ട് നടുക്കുന്ന സംഭവ വികാസങ്ങളുമൊക്കെയായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നാളുകളായി നമ്മൾ കേട്ടറിഞ്ഞിട്ടുള്ള സുമതി വളവ് എന്ന സ്ഥലത്തെ നിഗൂഢതകളെ മുൻനിർത്തിക്കൊണ്ടാണ് കഥ പറഞ്ഞുപോകുന്നത്. ആ സ്ഥലത്തെ ചുറ്റിപറ്റി പറഞ്ഞു കേട്ടിട്ടുള്ള ഒട്ടേറെ കഥകളിൽ ചിലതാണ് സിനിമയിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
യക്ഷി കഥകൾ പറഞ്ഞുപേടിപ്പിച്ച എല്ലാ മുത്തശ്ശിമാർക്കും അമ്മമാർക്കുമായാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത്. ഒരു മുത്തശ്ശിക്കഥ പോലെ കണ്ടിരിക്കാൻ കഴിയുന്നതാണ് ഈ ചിത്രം. കാലകാലങ്ങളായി ഏവരും ഭീതിയോടെ മാത്രം കണ്ടിരുന്നൊരു വളവ്. ആ വളവിൽ നാളുകള്‍ക്ക് മുമ്പ് നടന്ന ചില അനിഷ്ട സംഭവങ്ങള്‍. നാളുകളെത്ര കഴിഞ്ഞാലും ആ ഭീതിയിൽ കഴിയുന്ന നാട്ടുകാർ. രാത്രി എട്ട് കഴിഞ്ഞാൽ ആരും ആ വളവ് കടന്ന് പോകരുതെന്ന അലിഖിത നിയമമുണ്ട് കല്ലേലി എന്ന ഗ്രാമത്തിൽ. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് സിനിമയിലെ കഥ നടക്കുന്നത്. മണിചിത്രത്താഴ് ഇറങ്ങിയ സമയത്തെ റഫറൻസ് ചിത്രത്തിൽ കാണിച്ചുകൊണ്ടാണ് ആ കാലം അടയാളപ്പെടുത്തിയിരിക്കുന്നത് എന്നതുതന്നെ സിനിമയിലേക്ക് പെട്ടെന്ന് കണക്ടാകാൻ സഹായിക്കുന്നതായിരുന്നു.
അപ്പു, അമ്പാടി, ഗിരി, ചെമ്പൻ, ഭാമ, മീനാക്ഷി, ദീപ ടീച്ചർ, അല്ലി, വാവക്കുട്ടൻ, മഹേഷ്, ഭദ്രൻ, ബെഞ്ചമിൻ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾ ചിത്രത്തിൽ വരുന്നുണ്ട്. ഇവര്‍ക്കിടയിലെ കുടുംബബന്ധങ്ങളേയും സ്നേഹബന്ധങ്ങളേയും പകയേയും പ്രതികാരത്തേയുമൊക്കെ മുൻനിർത്തിക്കൊണ്ട് ഏറെ രസകരവും അതോടൊപ്പം തന്നെ കൗതുകവും ഒരേസമയം ഭീതിയും ഒളിപ്പിച്ചുകൊണ്ടുള്ളതാണ് സിനിമയുടെ പ്രമേയം. ചിരിച്ചാസ്വദിച്ച് കാണാനുള്ള ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അതോടൊപ്പം ചില സ്ഥലങ്ങളിൽ കുറച്ച് പേടിക്കാനും ആശ്ചര്യപ്പെടാനുള്ള സംഭവങ്ങളും ചിത്രം ഒരുക്കിയിട്ടുണ്ട്.
ഗംഭീര വിഷ്വൽ ട്രീറ്റാണ് ചിത്രമെന്ന് നിസ്സംശയം പറയാം. എസ് ആകൃതിയിൽ കിടക്കുന്ന വളവിന്റെ ആകാശ ദൃശ്യങ്ങളും രാത്രിയിൽ നിലാവിലുള്ള ഭയാനകതയുമൊക്കെ ഏറെ മികച്ച രീതിയിൽ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ മികവേറിയ ശബ്ദമിശ്രണവും ഓരോ സെക്കൻഡും ആകാംക്ഷ ജനിപ്പിക്കുന്നതുമാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ്, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് തുടങ്ങിയ താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയുടെ മുതൽക്കൂട്ടാണ്.
പഴുതുകളില്ലാത്ത വിധം ഒരുക്കിയിരിക്കുന്ന അഭിലാഷ് പിള്ളയുടെ സ്ക്രിപ്റ്റും വിഷ്ണു ശശി ശങ്കറിന്റെ സംവിധാനമികവും എടുത്തുപറയേണ്ടതാണ്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിച്ചിരിക്കുന്നത്. ശങ്കർ പി.വി ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും ചിത്രത്തെ മികവുറ്റ ദൃശ്യാനുഭവമാക്കിയിട്ടുണ്ട്. രഞ്ജിൻ രാജിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്നുനീങ്ങുന്നതാണ്. തീർച്ചയായും ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിൽ എത്തിയിരിക്കുന്ന ഏറെ മികച്ചൊരു ഹൊറർ കോമഡി ചിത്രമാണ് സുമതി വളവ് എന്ന് നിസ്സംശയം പറയാം.