സ്റ്റുട്‍ഗാട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ട്  ടൊവിനോ ചിത്രം ‘എആർഎം’
1 min read

സ്റ്റുട്‍ഗാട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ട് ടൊവിനോ ചിത്രം ‘എആർഎം’

ജര്‍മ്മനിയിലെ സ്റ്റുട്ഗാട്ടില്‍ നടക്കുന്ന 22-ാമത് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ടൊവിനോ തോമസ് നായകനായ മലയാള ചിത്രം എആര്‍എം (അജയന്‍റെ രണ്ടാം മോഷണം). യൂറോപ്പിലെ ഏറ്റവും വലിയ ഇന്ത്യന്‍ ചലച്ചിത്രോത്സവമായി പരിഗണിക്കപ്പെടുന്ന ഫിലിം ഫെസ്റ്റിവല്‍ ആണ് ഇത്. ജൂലൈ 26 ന് രാത്രി 8 മണിക്കാണ് ഫെസ്റ്റിവലില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം.

സെപ്റ്റംബര്‍ 12 ന് ഓണം റിലീസ് ആയി ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മികച്ച ഇനിഷ്യല്‍ അടക്കം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയ ചിത്രമാണ് ഇത്. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം വന്ന ചിത്രം മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് എന്നും പേരുണ്ടാക്കി. ഫലം ഓണത്തിന് ജനം തിയറ്ററില്‍ ഇരച്ചെത്തി. 30 കോടി ബജറ്റിലെത്തിയ ചിത്രം 100 കോടി ഗ്രോസ് നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ടൊവിനോയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. 2018 ആയിരുന്നു ആദ്യ എന്‍ട്രി.

അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. തിയറ്റര്‍ പ്രദര്‍ശനത്തിന് പിന്നാലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.