
‘ഇയാള്‍ ശരിയാവുമോ, ഞാന്‍ ലോകേഷിനോട് ചോദിച്ചു’ : ‘കൂലി’യിലെ സൗബിന്‍റെ റോളിനെക്കുറിച്ച് രജനികാന്ത്
പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിട്ടുള്ള തമിഴ് ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രധാന യുഎസ്പി. ഒപ്പം മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള താരങ്ങളുടെ സാന്നിധ്യവും. നാഗാര്‍ജുനയും ആമിര്‍ ഖാനും ഉപേന്ദ്രയും സൗബിന്‍ ഷാഹിറുമൊക്കെ ചിത്രത്തില്‍ ഉണ്ട്. ഇപ്പോഴിതാ സൗബിന്‍റെ അഭിനയത്തെക്കുറിച്ച് കൂലി ലോഞ്ച് ഇവന്‍റില്‍ രജനികാന്ത് പറഞ്ഞ വാക്കുകള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. ആദ്യം സൗബിന്‍റെ റോളിലേക്ക് മറ്റൊരു മലയാളി താരത്തെ പരിഗണിച്ചിരുന്നുവെന്നും വേദിയില്‍ രജനികാന്ത് പറഞ്ഞു.
രജനികാന്തിന്‍റെ വാക്കുകള്‍ ഇങ്ങനെ- “ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമുണ്ട്. ഗംഭീര കഥാപാത്രമാണ്. അത് ആര് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. പുതിയ രണ്ട് ആളുകള്‍ എന്‍റെ മനസില്‍ ഉണ്ടായിരുന്നു. പ്രധാനമായും രണ്ട് പേര്‍. അതിലൊരാള്‍ ലോകേഷിന്‍റെ അവസാന പടത്തിലും എന്‍റെ അവസാന പടത്തിലും ഉണ്ടായിരുന്നു. ഫഹദ് ഫാസില്‍ ആയിരുന്നു അത്. പക്ഷേ അദ്ദേഹം വളരെ ബിസിയാണ്. വേറെ ആര് ചെയ്യുമെന്ന് ഞാന്‍ ലോകേഷിനോട് ചോദിച്ചു. കാരണം ഈ ക്യാരക്റ്റര്‍ ക്ലിക്ക് ആയില്ലെങ്കില്‍ ശരിയാവില്ല. കുറച്ച് സമയം തരൂ എന്ന് ലോകേഷ് പറഞ്ഞു. പിന്നീടാണ് സൗബിന്‍റെ കാര്യം ലോകേഷ് പറഞ്ഞത്. ഫോട്ടോയും കാണിച്ചു. മഞ്ഞുമ്മല്‍ ബോയ്സില്‍ അഭിനയിച്ച സൗബിന്‍. കഷണ്ടിയൊക്കെയുള്ള ആള്‍. ഇദ്ദേഹം ശരിയാവുമോ എന്ന് ചോദിച്ചു ലോകേഷിനോട്. സൂപ്പര്‍ ആര്‍ട്ടിസ്റ്റ് ആണ് സാര്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 100 ശതമാനം നല്ലതായി വരുമെന്നും. എന്നാല്‍ എനിക്ക് അപ്പോള്‍ അത് വിശ്വാസമില്ലായിരുന്നു. പക്ഷേ അത്ര ആത്മവിശ്വാസത്തോടെയാണ് ലോകേഷ് അത് പറഞ്ഞത്”.
“വിശാഖപട്ടണം ഷെഡ്യൂളിന് പോയപ്പോള്‍ എന്‍റെ ഷൂട്ട് രണ്ട് ദിവസം വൈകുമെന്നും വിശ്രമിച്ചോളാനും ലോകേഷ് പറഞ്ഞു. സൗബിന്‍റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു ആ ദിവസങ്ങളില്‍. മൂന്നാം ദിവസം സംവിധായകന്‍റെ മുറിയിലേക്ക് ചെയ്യാമോ എന്ന് ചോദിച്ചു. സൗബിന്‍ അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ എന്നെ കാണിച്ചു. ഞാന്‍ ഞെട്ടിപ്പോയി. എന്തൊരു നടന്‍! ദൈവമേ”. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍”, രജനികാന്ത് പറഞ്ഞു. രജനി ഇത് പറയുമ്പോള്‍ സദസ്സില്‍ സൗബിനും ഉണ്ടായിരുന്നു. എണീറ്റ് കൈ കൂപ്പിക്കൊണ്ടാണ് സൗബിന്‍ രജനികാന്തിന്‍റെ അഭിനന്ദനം സ്വീകരിച്ചത്.