സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിന്റെ ആദ്യ റിലീസായി റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘അനോമി‘ ജനുവരി 30ന് സെഞ്ചുറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും. തുടർന്ന് ആസിഫ് അലി അഭിനയിക്കുന്ന ടിക്കി ടാക്കാ, കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് എന്നിവർ അഭിനയിക്കുന്ന പ്രൊഡക്ഷൻ നമ്പർ 3 ഉൾപ്പെടെ പനോരമ സ്റ്റുഡിയോസിന്റെ നിരവധി നിർമ്മാണ ചിത്രങ്ങൾ സെഞ്ചുറി ഫിലിംസ് കേരളത്തിലെ തിയേറ്ററിലെത്തിക്കും.
സെഞ്ചുറി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്നത് മലയാള സിനിമാ രംഗത്ത് അത്യന്തം ആദരിക്കപ്പെടുന്ന മുതിർന്ന നിർമ്മാതാവ് സെഞ്ചുറി കൊച്ചുമോനാണ്. (എം.സി. ഫിലിപ്പ്) അഞ്ചു ദശാബ്ദത്തോളം നീളുന്ന കരിയറിലൂടെ, 1970കളുടെ മദ്ധ്യത്തിൽ അദ്ദേഹം സ്ഥാപിച്ച സെഞ്ചുറി ഫിലിംസ്, ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും വിശ്വാസയോഗ്യവും സ്വാധീനമുള്ളതുമായ ബാനറുകളിലൊന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. മലയാള സിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച സെഞ്ചുറി ഫിലിംസ്, നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവരടക്കമുള്ള മലയാളത്തിലെ സൂപ്പർ താരങ്ങൾ സെഞ്ചുറി ഫിലിംസിന്റെ ബാനറിൽ അഭിനയിച്ചതിലൂടെ ഈ സ്ഥാപനത്തിന്റെ പാരമ്പര്യവും സംഭാവനയും കൂടുതൽ ശക്തമാവുന്നു.
ദക്ഷിണേന്ത്യയിലുടനീളം സെഞ്ചുറി ഫിലിംസിനുള്ള ശക്തമായ സാന്നിദ്ധ്യവും, പ്രാദേശിക പ്രേക്ഷകരെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധവും, കേരളത്തിലുടനീളമുള്ള തിയേറ്ററുകളുമായും എക്സിബിറ്റർമാരുമായും ഉള്ള ദീർഘകാല ബന്ധങ്ങളും തന്നെയാണ് പനോരമ സ്റ്റുഡിയോസിനെ സെഞ്ചുറി ഫിലിംസുമായുള്ള ഈ പങ്കാളിത്തത്തിലേക്ക് നയിച്ചത്. വിശ്വാസ്യതയും സ്ഥിരതയും കൊണ്ട് പ്രശസ്തമായ വിതരണ ശൃംഖലയുടെ ഉടമകളായ സെഞ്ചുറി ഫിലിംസ്, കേരളത്തിലെ ഏറ്റവും വിശ്വസനീയമായ വിതരണ സ്ഥാപനങ്ങളിലൊന്നാണ്.
ഈ കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിച്ചുകൊണ്ട്, പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പാഥക് പറഞ്ഞത് ഇപ്രകാരമാണ്:
“സെഞ്ചുറി ഫിലിംസ് ഒരു വിതരണ കമ്പനി മാത്രമല്ല; അത് മലയാള സിനിമാ പാരമ്പര്യത്തിനൊപ്പം ചേർന്ന് നിൽക്കുന്നു. സെഞ്ചുറി കൊച്ചുമോന്റെ പാരമ്പര്യവും വിശ്വാസ്യതയും ഡിസ്ട്രിബൂഷൻ വ്യവസായത്തോടുള്ള ആഴത്തിലുള്ള ബന്ധവും ഞങ്ങളുടെ മലയാള ചിത്രങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പങ്കാളിയായി സെഞ്ചുറി ഫിലിംസിനെ മാറ്റുന്നു. ഈ സഹകരണം വഴി കേരളത്തിലെ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ സിനിമകൾ ഏറ്റവും ഫലപ്രദമായും ആത്മാർത്ഥമായും എത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” സെഞ്ചുറി കൊച്ചുമോൻ പനോരമാ സ്റ്റുഡിയോസുമായുള്ള കൂട്ടുകെട്ടിനെപ്പറ്റി ഇപ്രകാരം പറഞ്ഞു:
“സിനിമ എപ്പോഴും ശക്തമായ ബന്ധങ്ങളുടെയും ഒരേ ദൃഷ്ടികോണത്തിന്റെയും ഫലമാണ്. പനോരമ സ്റ്റുഡിയോസ് ആധുനികവും ഉള്ളടക്ക കേന്ദ്രീകൃതവുമായ സമീപനവും കഥപറച്ചിലോടുള്ള ബഹുമാനവും കൊണ്ടുവരുന്നു. ഈ പങ്കാളിത്തം സെഞ്ചുറി ഫിലിംസിന് ഒരു സ്വാഭാവിക മുന്നേറ്റമായി തോന്നുന്നു, പുതുമയും വ്യാപ്തിയും കൊണ്ട് അർത്ഥവത്തായ മലയാള സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.”
ഈ സഹകരണത്തോടെ, പാരമ്പര്യവും പ്രാദേശിക അവബോധവും വിപണി നേതൃത്വവും ഒന്നിപ്പിക്കുന്ന പങ്കാളികളിലൂടെ ദക്ഷിണേന്ത്യയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുള്ള പ്രതിബദ്ധത പനോരമ സ്റ്റുഡിയോസ് വീണ്ടും ഉറപ്പിക്കുന്നു. പനോരമ സ്റ്റുഡിയോസും സെഞ്ചുറി ഫിലിംസും ചേർന്ന് മലയാള സിനിമയ്ക്ക് അതിന് അർഹമായ വ്യാപ്തിയും ബഹുമാനവും എത്തിക്കുകയാണ് ഈ കൂട്ടുകെട്ടിലൂടെയുള്ള പ്രധാന ലക്ഷ്യം.
പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ, വിതരണം, മ്യൂസിക്, സിനഡിക്കേഷൻ, ഇക്വിപ്പ്മെന്റ് റന്റൽ, പബ്ലിസിറ്റി ഡിസൈൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ആഗോള സിനിമാ സ്റ്റുഡിയോയാണു പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ. ഹിന്ദി സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമുള്ള ഈ സ്റ്റുഡിയോ, മലയാളം, മറാഠി, ഗുജറാത്തി, പഞ്ചാബി സിനിമകളിലേക്കും വ്യാപിച്ചുകഴിഞ്ഞു.
ഓംകാരയിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം നടത്തിയ പനോരമ സ്റ്റുഡിയോസ്, സ്പെഷ്യൽ 26, പ്യാർ കാ പഞ്ച്നാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, സെക്ഷൻ 375, ഖുദാ ഹാഫിസ്, ഷൈത്താൻ എന്നിവ ഉൾപ്പെടെ നിരവധി ബോക്സ് ഓഫീസ് വിജയങ്ങളും പുരസ്കാരജേതാക്കളായ ചിത്രങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഇതുവരെ 50ലധികം പുരസ്കാരങ്ങൾ സ്റ്റുഡിയോ സ്വന്തമാക്കിയിട്ടുണ്ട്.
2026 ഒക്ടോബർ 2ന് റിലീസിന് തയ്യാറെടുക്കുന്ന ദൃശ്യം 3 ഉൾപ്പെടെ നിരവധി ശ്രദ്ധേയ പദ്ധതികളുമായി, പനോരമ സ്റ്റുഡിയോസ് സിനിമയിൽ നവീകരണവും മികവുമാണ് തുടർന്നും ലക്ഷ്യമിടുന്നത്. വാർത്താ പ്രചരണം: ഹെയിൻസ്.