ഒപ്പത്തിന്റെ ഹിന്ദി റീമേക്കില്‍ മോഹൻലാലും?, ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ

2016 ൽ പുറത്തിറങ്ങിയ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഒപ്പം’ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ‘ഹൈവാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാർ- സെയ്ഫ് അലിഖാൻ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൈവാൻ. ബൊമൻ ഇറാനി, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക തുടങ്ങിയവരാണ് ചിത്രത്തിലെ മാറ്റ് പ്രധാന താരങ്ങൾ. ഒപ്പത്തിലെ നായകൻ മോഹൻലാല്‍ അതിഥി കഥാപാത്രമായി ഹൈവാനില്‍ മോഹൻലാലും ഉണ്ടാകും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ‘ഹൈവാന്റെ’ സെറ്റില്‍നിന്നുള്ള മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പ്രിയദര്‍ശൻ പുറത്തുവിട്ടു.

ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ പ്രൊഡക്‌ഷൻ ഡിസൈൻ സാബു സിറിളാണ്. ആദ്യ ഘട്ട ചിത്രീകരണം കൊച്ചിയിൽ ആയിരുന്നു. ഊട്ടി, മുംബൈ എന്നിവിടങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഒരുക്കുന്ന മലയാള ചിത്രം”ബാലൻ” നിർമ്മിക്കുന്നതും ഈ രണ്ടു ബാനറുകൾ ചേർന്നാണ്. ഇവർ രണ്ടും പേരും ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഹൈവാൻ”. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ 4 ദേശീയ പുരസ്‍കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ ‘ജനനായകൻ’, ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ ‘ടോക്സിക്’ എന്നിവ നിർമ്മിക്കുന്നതും കെ വി എൻ പ്രൊഡക്ഷൻസ് ആണ്