
ബോക്സ് ഓഫീസ് വിറപ്പിച്ച് ഒറ്റക്കൊമ്പൻ; 200 കോടി തൊട്ട് തുടരും
മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുടരും 200 കോടി ക്ലബ്ബിൽ. മോഹൻലാൽ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും വെറും 17 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മോഹന്‍ലാല്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. എമ്പുരാന്‍ ആയിരുന്നു നേരത്തെ 200 കോടി തൊട്ട മോഹന്‍ലാല്‍ പടം.
“ചില യാത്രകൾക്ക് ആരവങ്ങളല്ല വേണ്ടത്, മുന്നോട്ട് കൊണ്ടുപോകാനുള്ള മനസ് മാത്രം. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ തുടരും അതിൻ്റെ സ്ഥാനം കണ്ടെത്തി. എല്ലാ സ്നേഹത്തിനും നന്ദി”, എന്നാണ് 200 കോടി സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.
പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു തുടരും. പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ സൗദി വെള്ളയ്ക്ക എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്നു എന്നതായിരുന്നു അതിനൊരു കാരണം. 15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ എത്തിയതും പ്രധാനഘടകമായി. കാത്തിരിപ്പുകൾക്ക് ഒടുവിൽ ഏപ്രിൽ 25ന് ചിത്രം തിയറ്ററിൽ എത്തിയതും ആരാധകർ ഒന്നടങ്കം പറഞ്ഞു ‘ഞങ്ങളുടെ പഴയ ലാലേട്ടൻ തിരിച്ചെത്തി’.