
‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ സുപ്രീം കോടതി സൗബിനൊപ്പം, മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാം; സിറാജിൻ്റെ ഹർജി തള്ളി
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാതാക്കളുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ശ്രമിച്ച സിറാജ് വലിയതുറ ഹമീദിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. സിവിൽ സ്വഭാവമുള്ള വിഷയത്തെ ക്രിമിനൽ കേസാക്കി മാറ്റാനുള്ള സിറാജിന്‍റെ ശ്രമം തെറ്റായതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് സിവിൽ തർക്കം മാത്രമാണെന്നും ലാഭവിഹിതം കിട്ടുന്നതിന് സിവിൽ കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ടുള്ള കേസിൽ സൗബിനടക്കമുള്ള മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സിറാജ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഹർജിയിൽ സുപ്രീം കോടതി ഇടപെടില്ലെന്ന് വന്നതോടെ തന്‍റെ വാദങ്ങള്‍ നിലനിൽക്കിലെന്ന് മനസ്സിലാക്കി സിറാജ് ഹർജി പിൻവലിച്ചു.
‘ഇത് സിവില്‍ തര്‍ക്കമല്ലേ, ആര്‍ബിട്രേഷന്‍ നിലനില്‍ക്കുകയാണല്ലോ’ എന്നാണ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കവേ വ്യക്തമാക്കിയത്. ഇതോടെയാണ് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയുണ്ടായത്. സൗബിനൊപ്പം പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ക്കുമെതിരെയാണ് കേസുള്ളത്. കേസില്‍ മൂവര്‍ക്കും ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിറാജ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
സിനിമയുടെ ലാഭത്തില്‍ 40 ശതമാനം വാഗ്ദാനം ചെയ്ത് തന്നില്‍ നിന്നും ഏഴ് കോടി രൂപ തട്ടിയെന്നാണ് സിറാജിന്‍റെ പരാതി. സിനിമയുടെ നിര്‍മാണ ഘട്ടത്തിലാണ് തന്നിൽ നിന്നും പണം വാങ്ങിയതെന്നും നൽകിയ വാഗ്ദാനം ലംഘിക്കപ്പെട്ടുവെന്നുമാണ് സിറാജ് പരാതിയിൽ പറയുന്നത്. അതേസമയം ഷൂട്ട് തീർന്ന് വളരെ കുറച്ച് ദിവസത്തിനുള്ളിൽ 200 കോടി ആവശ്യപ്പെട്ടുകൊണ്ട് സിറാജ് നോട്ടീസ് അയക്കുകയും കേസ് കൊടുക്കുകമായിരുന്നു, ലാഭവിഹിതമായി സിറാജ് ആവശ്യപ്പെടുന്ന ഈ ഭീമമായ തുക ഒരിക്കലും നൽകാനാകില്ലെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്.