അഞ്ചലിൽ മാജിക് ഫ്രെയിംസ് സിനിമാസിന്‍റെ അർച്ചന തിയേറ്റർ‍ ഉദ്ഘാടനം ചെയ്തു
1 min read

 അഞ്ചലിൽ മാജിക് ഫ്രെയിംസ് സിനിമാസിന്‍റെ അർച്ചന തിയേറ്റർ‍ ഉദ്ഘാടനം ചെയ്തു

കൊല്ലം അഞ്ചൽ സ്വദേശികള്‍ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും നിർമാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ സ്ഥാപിച്ച മാജിക് ഫ്രെയിംസ് സിനിമാസിന്‍റെ അർച്ചന തിയേറ്റർ കൊല്ലം അഞ്ചലിൽ പ്രവർത്തനം ആരംഭിച്ചു. നടൻ അഭിമന്യൂ ഷമ്മി തിലകൻ തിയേറ്ററിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. 4കെ അൾട്ര എച്ച്.ഡി, ഡോൾബി അറ്റ്‍മോസ് സാങ്കേതിക മികവോടെയാണ് അർച്ചന തിയേറ്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് ബൈ സൊമാറ്റോയാണ് ബുക്കിംഗ് പാർട്നർ.

കാലത്തിന്‍റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് അർച്ചന തിയേറ്റർ രണ്ട് സ്ക്രീനുകളിൽ അഞ്ചലിൽ എത്തിയിരിക്കുന്നത്. മലയാള സിനിമാ മേഖലയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്‍റെ മേൽനോട്ടത്തിലുള്ള മാജിക് ഫ്രെയിംസിന്‍റെ തിയേറ്ററുകളുടെ എണ്ണത്തിൽ 18-ാമത്തെയും സ്ക്രീനുകളുടെ എണ്ണത്തിൽ 40-ാമത്തെയും തിയേറ്ററാണ് അഞ്ചലിൽ ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ ഇരിട്ടിയിലും മാജിക് ഫ്രെയിംസ് തിയേറ്റർ ആരംഭിച്ചിരുന്നു.

ഫിലിം ചേംബർ പ്രസി‍‍ഡന്‍റ് അനിൽ തോമസ്, ജനറൽ സെക്രട്ടറി സോണി തോമസ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ പ്രസിഡന്‍റ് ബി. രാകേഷ്, പ്രശസ്ത നിർമ്മാതാവും വിതരണക്കാരനുമായ ജി. സുരേഷ് കുമാ‍ർ, ഫിയോക്ക് മുൻ ജനറൽ സെക്രട്ടറി എം.സി ബോബി, നിർമ്മാതാവ് ആൽവിൻ ആന്‍റണി, പുനലൂർ എംഎൽഎ പി എസ് സുപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് പ്രസിഡന്‍റ്, പ്രാദേശീയ രാഷ്ട്രീയ പ്രമുഖർ, തിയേറ്റർ ഉടമ നവീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.