“ആരാണ് ഈ പടം കണ്ട വിഡ്ഢികൾ” ; ഒടിടിയ്ക്ക് പിന്നാലെ ലോകയ്ക്ക് വൻ വിമർശനം
1 min read

“ആരാണ് ഈ പടം കണ്ട വിഡ്ഢികൾ” ; ഒടിടിയ്ക്ക് പിന്നാലെ ലോകയ്ക്ക് വൻ വിമർശനം

മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാം ചിത്രമാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. മലയാളത്തില്‍ ആദ്യമായി ഒരു ചിത്രം 200-ലധികം സ്‌ക്രീനുകളില്‍ 50 ദിവസം പിന്നിട്ട ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ വുമൺ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് അരുൺ ഡൊമനിക് ആണ്. മുൻവിധികളെ മാറ്റി മറിച്ചുള്ള പ്രകടനം കാഴ്ചവച്ച ചിത്രം മലയാളത്തിലെ ആദ്യ 300 കോടി ക്ലബ്ബ് പടം കൂടിയാണ്. കേരളത്തിൽ പ്രചുരപ്രചാരമുള്ള കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ഒരുക്കിയ ലോകയിൽ കല്യാണി പ്രിയദർശൻ ആയിരുന്നു നീലി ആയും ചന്ദ്രയായും എത്തിയത്. തിയറ്ററുകളിൽ ഒന്നടങ്കം പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലും എത്തിയിരുന്നു.

തിയറ്ററിലേത് പോലെ തന്നെ മികച്ച പ്രതികരണമാണ് ഒടിടിയിലും ലോക ചാപ്റ്റർ 1 ചന്ദ്രയ്ക്ക് ലഭിക്കുന്നത്. എന്നാൽ സിനിമയ്ക്ക് എതിരെ ചിലർ വിമർശനവുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. ലോക ഒരു പ്രൊപ്പ​ഗണ്ട സിനിമയാണെന്നാണ് ഇവർ വാദിക്കുന്നത്. ബംഗളൂരുവിനെയും പ്രദേശവാസികളെയും ചിത്രം മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഇവർ പറയുന്നുണ്ട്. ഇതിവൃത്തത്തെ ബാധിക്കാതെ കേരളത്തിൽ കഥ സെറ്റ് ചെയ്യാമായിരുന്നു എന്നും ബംഗളൂരുവിനെ ലക്ഷ്യം വയ്ക്കേണ്ട ആവശ്യമില്ലെന്നും വിമർശകർ എക്സ് പ്ലാറ്റ് ഫോമിൽ കുറിക്കുന്നു.

ആവേശം സിനിമയിൽ ഗ്യാങ്സ്റ്റർ ബെംഗളൂരുവിലും കോളേജ് കാമ്പസുകളിലും ആധിപത്യം സ്ഥാപിക്കുന്നതായി കാണിച്ചിരുന്നുവെന്നും ലോകയിൽ കൂടി ആയതോടെ മലയാള ചലച്ചിത്ര പ്രവർത്തകർ ബാംഗ്ലൂരിനെ ആവർത്തിച്ച് മോശമായി കാണിക്കുന്നുവെന്നും ഇവർ പറയുന്നു. ഇത്തരം പ്രവണത ഇനിയും തുടർന്നാൽ കർണാടക സർക്കാർ നടപടി എടുക്കണമെന്നും വിമർശകർ ആവശ്യപ്പെടുന്നുണ്ട്. ഹിന്ദുക്കളെ ലോക മോശമായി ചിത്രീകരിച്ചുവെന്നും ഒരുവിഭാ​ഗം പറയുന്നുണ്ട്.