
“ലാലേട്ടനെ വച്ച് ഞാൻ തന്നെ ഇതും തൂക്കും” ;2018നെ ചാടിക്കടക്കാൻ ഷൺമുഖൻ
2023 മുതൽ കേരള കളക്ഷനിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് 2018 ആണ്. കേരളക്കര കണ്ടതിൽ വച്ചേറ്റവും വലിയ പ്രളയ കഥ പറഞ്ഞ ചിത്രം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഒടുവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന സിനിമ എന്ന ഖ്യാതിയും 2018 സ്വന്തമാക്കിയരുന്നു. 89.2 കോടിയാണ് ചിത്രത്തിന്റെ കേരള കളക്ഷൻ എന്നാണ് റിപ്പോർട്ട്. എന്നാൽ 2018നെ മറികടക്കാൻ മോഹൻലാൽ ചിത്രം തുടരും വരുന്നുവെന്നാണ് നിലവിലെ വിലയിരുത്തലുകൾ.
ഈ അവസരത്തിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരു പോസ്റ്റിന് നൽകിയ കമന്റ് ശ്രദ്ധനേടുകയാണ്. തുടരും 2018നെ മറികടക്കാൻ ഒരുങ്ങുന്നു എന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റ്. “ഏകദേശം 3 കോടിക്ക് എമ്പുരാൻ മിസ്സായ Industry Hit അടിക്കാൻ Drishyam 3 വരേണ്ടി വരുമെന്നാണ് കരുതിയത്. പക്ഷേ തുടരും വെച്ച് അണ്ണൻ ഇമ്മാതിരി മദം പൊട്ടിയ ലെവൽ ഇറങ്ങി അടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല, അടി എന്നൊക്കെ പറഞ്ഞ മോനെ! Dear 2018 Boys.. The DADDY is Cominggggg”, എന്നായിരുന്നു പോസ്റ്റ്. ഇതിന് “ലാലേട്ടനെ വച്ച് ഞാൻ തന്നെ ഇതും തൂക്കും”എന്നായിരുന്നു ജൂഡിന്റെ കമന്റ്.
പിന്നാലെ ജൂഡിന് മറുപടി കമന്റുമായി നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തു. “ഇതാണ് കോൺഫിഡൻസ്, കാത്തിരിക്കുന്നു”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ട്രാക്കർമാരുടെ കണക്ക് പ്രകാരം ആഗോള തലത്തിൽ 150 കോടിയാണ് തുടരും നേടിയിരിക്കുന്നത്. പുലിമുരുകനെ മറികടന്ന് ആറാം സ്ഥാനത്തും ചിത്രം എത്തി കഴിഞ്ഞു. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തിയ ചിത്രമാണ് തുടരും. ശോഭന നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് തരുൺമൂർത്തിയായിരുന്നു.