3 മില്യൺ വ്യൂസും കടന്ന് “ജാലക്കാരി ” ; ബൾട്ടിയിലെ ഗാനം ട്രെൻഡിംഗ്
1 min read

3 മില്യൺ വ്യൂസും കടന്ന് “ജാലക്കാരി ” ; ബൾട്ടിയിലെ ഗാനം ട്രെൻഡിംഗ്

സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ സിനിമാ ഗാനമായി മലയാളത്തിൽ പുറത്തിറങ്ങിയ ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിലെ ‘ജാലക്കാരി മായാജാലക്കാരി’ 3 മില്യൺ വ്യൂസും കടന്ന് ട്രെൻഡിംഗ് ആയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലാകെ ഇനി ‘ജാലക്കാരി’ മയം ആയിരിക്കുമെന്ന് അടിവരയിടുന്ന രീതിയിലുള്ളതായിരുന്നു ഏവരേയും ആദ്യ കേള്‍വിയിൽ തന്നെ ആകർഷിക്കുന്ന ഈ ഗാനം. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സായ് അഭ്യങ്കർ ഈണം നൽകി സായിയും ‘കൂലി’യിലെ ‘മോണിക്ക’ എന്ന ഹിറ്റ് ഗാനം പാടിയ സുബ്ലാഷിനിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മോനേ സായ്, വെൽക്കം ടു മലയാളം സിനിമ’… മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ ഒരു ഫോൺ സംഭാഷണത്തിലൂടെ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറിനെ ക്ഷണിക്കുന്ന വീഡിയോ ഏവരും ഏറ്റെടുത്തിരിന്നു. ‘ബൾട്ടി’ സിനിമയുടേതായി ഇറങ്ങിയ സായിയുടെ പ്രോമോ വീഡിയോ 40 ലക്ഷത്തിലേറെ കാഴ്ചക്കാരെ സോഷ്യൽ മീഡിയയിൽ ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമായി എത്തിയിരിക്കുന്ന ‘ജാലക്കാരി’ ഹിറ്റ് ചാർട്ടുകള്‍ തിരുത്തിക്കുറിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സംഗീതാസ്വാദകർ. സായി ഈണമിട്ട ഒട്ടേറെ ഗാനങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് സൂചന.

‘ബൾട്ടി’യിൽ സായ് ഒട്ടേറെ അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ‘ജാലക്കാരി’ എന്ന ഗാനം. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത് എന്നാണ് വിവരം.നവാഗതനായ ഉണ്ണി ശിവലിംഗമാണ് ‘ബൾട്ടി’യുടെ സംവിധായകൻ. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമാണം. ഷെയിനിന്‍റെ 25-ാം ചിത്രമായി എത്തുന്ന ‘ബൾട്ടി’യിലൂടെ ഇതാദ്യമായി സായ് മലയാളത്തിലെത്തുമ്പോള്‍ ലോകേഷ് കനകരാജ് ചിത്രം ‘ബെൻസ്’ ഉള്‍പ്പെടെ നിരവധി സിനിമകളാണ് തമിഴിൽ സായ് അഭ്യങ്കറിന്‍റേതായി ഒരുങ്ങുന്നത്.

ഷെയിൻ നിഗത്തോടൊപ്പം ചിത്രത്തിൽ സോഡ ബാബു എന്ന പ്രതിനായക കഥാപാത്രമായെത്തുന്ന അൽഫോൺസ് പുത്രന്‍റെ പ്രൊമോ വീഡിയോയും, കുമാർ എന്ന കഥാപാത്രമായി എത്തുന്ന ശന്തനു ഭാഗ്യരാജിന്‍റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോയും, ഭൈരവനായി എത്തുന്ന സംവിധായകനും നടനുമായ സെൽവരാഘവന്‍റെ ക്യാരക്ടർ പോസ്റ്ററും ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. കുത്ത് പാട്ടിന്‍റെ അകമ്പടിയോടെ പുറത്തിറങ്ങിയ സിനിമയുടെ ആദ്യ ഗ്ലിംപ്‌സിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിട്ടുള്ളത്. ‘മഹേഷിന്‍റെ പ്രതികാരം’, ‘മായാനദി’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവായ സന്തോഷ്‌ ടി കുരുവിള നിർമിക്കുന്ന ചിത്രം കൂടിയാണ് ‘ബൾട്ടി’.