ഉത്രാട ദിനത്തിൽ കഥകളി വേഷത്തിൽ ഇന്ദ്രൻസ്! ഗപ്പി സിനിമാസിന്‍റെ അടുത്ത ചിത്രമോ?
1 min read

ഉത്രാട ദിനത്തിൽ കഥകളി വേഷത്തിൽ ഇന്ദ്രൻസ്! ഗപ്പി സിനിമാസിന്‍റെ അടുത്ത ചിത്രമോ?

ഉത്രാടപ്പാച്ചിലിനിടയിൽ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്ന് നടൻ ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള ചിത്രം. പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോൾ ജോർജ്ജ് ഒരുക്കുന്ന മൂന്നാമത്തെ സിനിമയിലെ ഇന്ദ്രൻസിന്‍റെ വേഷമാണിതെന്നാണ് സൂചന. സൂപ്പർ ഹിറ്റായി മാറിയ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസിന്‍റെ പ്രൊഡക്ഷനിൽ എത്തുന്ന സിനിമ കൂടിയാണിതെന്നാണ് മനസ്സിലാക്കാനാവുന്നത്. ആർ റോഷനാണ് കഥകളി വേഷത്തിലുള്ള ചിത്രം പകർത്തിയിരിക്കുന്നത്.

”എല്ലാവർക്കും ഓണാശംസകൾ! ഈ ഉത്സവകാലത്ത് നിങ്ങൾക്ക് ധാരാളം സന്തോഷവും സമൃദ്ധിയും നേരുന്നു, വലിയ വാർത്തകൾ നിങ്ങളെ തേടിയെത്തുകയാണ്, നാളെ വൈകുന്നേരം 5 മണിക്ക് ഞങ്ങളുടെ അടുത്ത സിനിമയുടെ പേര് ഞങ്ങൾ വെളിപ്പെടുത്തും, കാത്തിരിക്കൂ!” എന്ന് കുറിച്ചുകൊണ്ടാണ് ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള ചിത്രം സംവിധായകൻ ജോൺപോൾ ജോർജ്ജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഓരോ സിനിമകളിലും ജീവസ്സുറ്റ കഥാപാത്രങ്ങളായെത്തി വിസ്മയിപ്പിക്കുന്ന ഇന്ദ്രൻസ് ഇക്കുറിയും പ്രേക്ഷകരെ വിസ്മയിപ്പിക്കാനാണൊരുങ്ങുന്നതെന്നാണ് ഇതിൽ നിന്നും അറിയാനാകുന്നത്.

‘ആളൊരുക്കം’ എന്ന സിനിമയിൽ പപ്പു പിഷാരടി എന്ന തുള്ളൽ കലാകാരനായെത്തി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മുമ്പ് ഇന്ദ്രൻസ് സ്വന്തമാക്കിയിട്ടുണ്ട്. കഥകളി വേഷമിടുന്ന കഥാപാത്രമായി ഇതാദ്യമായി ഇന്ദ്രൻസ് എത്തുമ്പോള്‍ ആരാധകരും സിനിമാപ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. മികവുറ്റ സിനിമകള്‍ പ്രേക്ഷകർക്ക് എക്കാലത്തും സമ്മാനിച്ചിട്ടുള്ള ഗപ്പി സിനിമാസിനൊപ്പമാകുമ്പോൾ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ ഉറ്റുനോക്കുന്നത്. ഇന്ദ്രൻസിനോടൊപ്പം നൂറ്റമ്പതോളം പുതിയ കലാകാരന്മാരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുമുണ്ട്.