ജീത്തു ജോസഫിനും മോഹന്‍ലാലിനും നന്ദി പറഞ്ഞ് ബോളിവുഡ് സിനിമാലോകം! അജയ്ദേവ്ഗണ് നായകനായ ദൃശ്യം 2 കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു
മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ദൃശ്യം 2’. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ തിയേറ്റുകളില്‍ എത്തിയിരുന്നു. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി വേഷമിടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്തിട്ടുണ്ട് ചിത്രം. അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാതക് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 18 നാണ് തിയേറ്ററുകളില്‍ എത്തിയത്.

വലിയ വാണിജ്യ സാധ്യതയുള്ള ചിത്രമെന്ന മുന്‍കൂര്‍ വിലയിരുത്തല്‍ ഉണ്ടായിരുന്നതിനാല്‍ വമ്പന്‍ സ്ക്രീന്‍ കൗണ്ട് ആയിരുന്നു ചിത്രത്തിന്. 3,302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിന കളക്ഷന്‍ മാത്രം 15.38 കോടി ആയിരുന്നു. ചിത്രം നേടിയ ഒരു മാസത്തെ കളക്ഷനും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. 31 ദിവസങ്ങളിലെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 221.34 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്ന കണക്ക്. അതുകൊണ്ടി തന്നെ അജയ് ദേവ്ഗണിന്റെ താരമൂല്യം വര്‍ധിപ്പിക്കുന്ന ചിത്രം കൂടിയായി ദൃശ്യം 2 മാറി.

അതേസമയം, ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്. അതേസമയം, ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്.
![Drishyam 2 movie review: Ajay Devgn and Tabu's film gets the 'HIT' verdict by fans [Read Reactions]](https://st1.bollywoodlife.com/wp-content/uploads/2022/11/Drishyam-2-4-1.jpg)
അജയ് ദേവ്ഗണ് ,അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ഹിന്ദി പതിപ്പില്‍ വിജയ് സല്‍ഗനോകര്‍ എന്നാണ് മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന്റെ പേര്. റാണി എന്ന കഥാപാത്രം ഹിന്ദിയില്‍ വരുമ്പോള്‍ നന്ദിനി ആകും. അതേസമയം, അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളില്‍ മാറ്റമില്ലാതെ തുടരുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയില്‍ തബു എത്തുന്നു. രജത് കപൂര്‍ ആണ് തബുവിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത്.
