
“ഇത് ഞങ്ങളുടെ ജോളിയുടെ കഥ! ജോളിക്ക് അന്ന് 18 വയസ്സ് ” ; മോനച്ചൻ മനസ്സ് തുറക്കുന്നു
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. രണ്ട് പെൺകുട്ടികളുടെ കൊലപാതകങ്ങളെ മുൻനിർത്തി മുമ്പോട്ടുപോകുന്ന കഥാഗതിയാണ് സിനിമയുടേത്.”അന്വേഷിപ്പിൻ കണ്ടെത്തും” പ്രേക്ഷകരിലേക്ക് എത്തുന്നതോടൊപ്പം, വർഷങ്ങൾക്കു മുൻപ് നടന്ന ജോളി മാത്യു കൊലക്കേസും വീണ്ടും ചർച്ചയാവുകയാണ്. സിനിമയിലെ കേന്ദ്രകഥാപാത്രമായ എസ്ഐ ആനന്ദ് നാരായണൻ നടത്തുന്ന ആദ്യ കുറ്റാന്വേഷണമായ ലവ്ലി മാത്തൻ തിരോധാനവും ജോളി മാത്യു കൊലക്കേസും തമ്മിലുള്ള സാദൃശ്യമാണ് സിനിമാസ്വാദകർ ചികയുന്നത്. ഇപ്പോഴിതാ അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് ജോളിയുടെ സഹോദരൻ മോനച്ചൻ മനസ്സ് തുറന്നിരിക്കുകയാണ്.
‘അന്ന് എന്റെ അപ്പനും പെങ്ങളും കൂടി പരുമല പള്ളിയിൽ പോയിരിക്കുകയായിരുന്നു. അവിടെ ആറ്റിൽ കുളിച്ച് അപ്പൻ മുങ്ങി നിവർന്നപ്പോള്‍ ഇവിടെ പൊട്ടകിണറ്റിൽ ഞങ്ങളുടെ ജോളിയുടെ മൃതദേഹം പൊങ്ങി.’ ഇത് പറയുമ്പോള്‍ മോനച്ചിന് കരച്ചിലക്കാനാവാതെ വിതുമ്പുകയായിരുന്നു.”ജോളിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് കൊണ്ടുവന്ന ശേഷം കുറച്ചുനേരം മാത്രമേ വീട്ടിൽ വെച്ചുള്ളൂ. എങ്ങും പ്രതിഷേധമായിരുന്നു. എം.സി റോഡിലെ ഗതാഗതം അന്ന് നാല് മണിക്കൂറോളം തടസ്സപ്പെട്ടു. നാല് വണ്ടി പോലീസുകാർ ഇവിടെ വീടിന് പരിസരത്തുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചിനായിരുന്നല്ലോ ആദ്യം അന്വേഷണ ചുമതല. കിണറിൽ ഒരു ബോഡി പൊങ്ങിയെന്ന് പറഞ്ഞുകേട്ടപ്പോഴേ ഞാൻ പോയി നോക്കി. എനിക്ക് വസ്ത്രം കണ്ടപ്പോഴേ മനസ്സിലായി. ആകപ്പാടെ ഞാൻ തകർന്നുപോയി. അവിടുന്നോടി ഞാനാണ് വീട്ടിലേക്ക് വന്ന് പറഞ്ഞത്. നാൽപതായില്ലേ വർഷം. ജോളിക്ക് അന്ന് 18 വയസ്സല്ലേയുള്ളൂ. ഞങ്ങളുടെ ജോളിയുടെ കൊലപാതകം വിഷയമായി സിനിമ ഇറങ്ങിയതറിഞ്ഞു. സിനിമ കണ്ടാലല്ലേ കൂടുതൽ അഭിപ്രായം പറയാൻ കഴിയൂ”, മോനച്ചൻ വ്യക്തമാക്കി.
അതേസമയം കോളേജ് വിദ്യാര്‍ത്ഥിനിയായ ജോളി മാത്യു ലൈംഗിക പീഡന ശ്രമത്തിനിടെ കൊല്ലപ്പെട്ട സംഭവമാണ് ജോളി വധക്കേസ്. 1984 ഏപ്രില്‍ 23-നാണ് ജോളി മാത്യു എന്ന പതിനെട്ടുകാരിയെ കോട്ടയം ബഥനി ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായ ഫാ. ജോര്‍ജ് ചെറിയാനെ അന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അത് അന്നേറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്നത് ഐപിഎസ് ഓഫീസറായ സിബി മാത്യൂസായിരുന്നു. അദ്ദേഹം എഴുതിയ നിര്‍ഭയം എന്ന പുസ്തകത്തില്‍ ഈ കേസന്വഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ അടിവരയിട്ടു പറഞ്ഞിട്ടുമുണ്ട്.