
“മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നല്ലവനായ റൗഡി, എനിക്ക് ആ ഒരു തരം റോളുകൾ പറ്റില്ല” : അടൂർ ഗോപാലകൃഷ്ണൻ
എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ അതുഗ്രൻ ബോക്സ് ഓഫീസിൽ വിജയങ്ങൾക്ക് ശേഷം, മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലെ ഇത് വരെ കാണാത്ത ഭാവപ്പകർച്ച കൊണ്ട് ഞെട്ടിച്ചിരുന്നു സൂപ്പർതാരം. ഇനി അടുത്തതായി മോഹൻലാൽ എത്തുക, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലാണ്. ഒപ്പം, ദിലീപ് നായകനാവുന്ന ഭ ഭ ബ എന്ന സിനിമയിൽ ഒരു സ്പെഷ്യൽ വേഷത്തിൽ കൂടി അദ്ദേഹം എത്തുന്നുണ്ട്. എന്നാൽ ഈ അവസരത്തിൽ പോലും, മോഹൻലാൽ എന്ന നടനെയും താരത്തെയും അംഗീകരിക്കാനോ, അദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായം മാറ്റാനോ തയ്യാറായിട്ടില്ല അടൂർ ഗോപാലകൃഷ്ണൻ.
അടുത്തിടെ വിവാദ പരാമർശങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ നിന്നും, സിനിമ പ്രവർത്തകർക്കിടയിൽ നിന്നും സീനിയർ സംവിധായകൻ വലിയ വിമർശനങ്ങൾ നേരിട്ട് കോണ്ടിരിക്കുന്ന അവസരത്തിലാണ് അദ്ധേഹത്തിന്റെ മോഹൻലാലിനെ കുറിച്ചുള്ള പരാമർശം വൈറലാവുന്നത്. സൂപ്പർതാരത്തെ കുറിച്ച് തന്റെ മനസ്സിൽ ഒരു ഇമേജ് ഉണ്ടെന്നും, അത് തനിക്ക് ഒട്ടും പറ്റുന്ന ഒന്നല്ല എന്നുമാണ് അടൂർ ഗോപാലകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
“മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ, അയാളൊരു… സിനിമയിൽ വല്ലാത്തൊരു ഇമേജ് ആണ് അങ്ങേർക്ക് ഉള്ളത്. ഒരു നല്ലവനായ റൗഡി. എനിക്ക് ആ ഒരു തരം റോളുകൾ പറ്റില്ല. എനിക്ക് അങ്ങനെ ചെയ്യാൻ (അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ) ഒക്കുകയില്ല. നല്ലവനായൊരു റൗഡി എന്ന് പറഞ്ഞാൽ – ആ ഒരു തരം കഥാപാത്രങ്ങളിൽ എനിക്ക് വിശ്വാസമില്ല. റൗഡി റൗഡി തന്നെയാണ്. അയാൾ എങ്ങനെയാണ് നല്ലവനാവുന്നത്?” അടൂർ ഗോപാലകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസ്സ് കേരളയ്ക്ക് 2023ൽ നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
ജീവിതത്തിൽ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ടാണോ തങ്ങൾ കാണുന്നത് എന്ന് അവതാരക ചോദിച്ചപ്പോൾ, “അത് പോലെയല്ല ഇത്” എന്നാണ് അടൂർ ഗോപാലകൃഷ്ണൻ മറുപടി പറഞ്ഞത്. “റൗഡി എന്നും റൗഡിയാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ലവനായ റൗഡി എന്ന സിനിമയിലെ ഇമേജ് ആണോ പ്രശ്‌നം എന്ന് അവതാരക വീണ്ടും ചോദിച്ചപ്പോൾ, അതെ എന്ന് സീനിയർ സംവിധായകൻ മറുപടി പറഞ്ഞു. അതല്ലാതെയും ഒരുപാട് സിനിമകൾ മോഹൻലാൽ ചെയ്തിട്ടില്ല എന്ന് അവർ ചോദിച്ചപ്പോൾ, “ഉണ്ടായിരിക്കാം… പക്ഷെ എന്റെ മനസ്സിൽ ഇപ്പോൾ ഉറച്ചിരിക്കുന്ന ഒരു ഇമേജ് അതാണ്,” എന്നായിരുന്നു അടൂരിൻ്റെ വാദം.