“എമ്പുരാൻ വിവാദങ്ങൾ എന്നെ ബാധിച്ചിട്ടില്ല..” ; പരസ്യ പ്രതികരണം നടത്തി പൃഥ്വിരാജ്

മലയാളത്തിൽ ഈ വർഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘എമ്പുരാൻ’. വമ്പൻ ക്യാൻവാസിൽ എത്തിയ ചിത്രം ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു നേടിയിരുന്നത്. കൂടാതെ സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ച് നിരവധി വിവാദങ്ങളും റിലീസിന് ശേഷം ചിത്രത്തിലെ ചില ഭാഗങ്ങൾ റീ സെൻസർ ചെയ്യേണ്ടിയും വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.
സിനിമ തിയേറ്ററിൽ എത്തിയതോടെ തന്റെ ജോലി കഴിഞ്ഞുവെന്നും. താൻ സിനിമ ചെയ്യുന്നത് ആരെയും ചൊടിപ്പിക്കാൻ അല്ലെന്നും പൃഥ്വി പറയുന്നു. ആടുജീവിതം സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കാത്തത് സംബന്ധിച്ച വിവാദത്തിലും പൃഥ്വി പ്രതികരിച്ചു. ജൂറി തീരുമാനിക്കുന്നതിനല്ലേ പുരസ്കാരം ലഭിക്കൂവെന്നും തനിക്ക് പുരസ്കാരം ലഭിക്കാത്തതിൽ വിഷമമില്ലെന്നും പൃഥ്വി കൂട്ടിച്ചേർത്തു.
അതേസമയം ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യാണ് പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം. നവംബർ 21ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ജി.ആർ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള് മനസ്സിലാക്കാനാകുന്നത്.