
പ്രഭാസ് വിവാഹിതനാവാന്‍ ഒരുങ്ങുന്നു..?? സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ബന്ധുവിന്‍റെ പ്രതികരണം
തെലുങ്ക് സിനിമയിലെ ക്രോണിക് ബാച്ച്‍ലര്‍മാരില്‍ ഒരാളാണ് സൂപ്പര്‍താരം പ്രഭാസ്. നാൽപ്പത്തിയഞ്ചുകാരനായ പ്രഭാസ് 2002 മുതലാണ് തെലുങ്ക് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ഈശ്വർ ആയിരുന്നു ആദ്യ സിനിമ. പിന്നീട് അങ്ങോട്ട് ആക്ഷനും റൊമാൻസും സെന്റിമെൻസുമെല്ലാം കലർന്ന നിരവധി സിനിമകളിൽ നടൻ നായകനായി. ബാഹുബലി സീരിസ് പുറത്തിറങ്ങിയശേഷമാണ് പ്രഭാസിന് കേരളത്തിൽ ആരാധകരുണ്ടായത്. നൂറ് സിനിമകളിൽ നായകനായി അഭിനയിച്ച് കഴിയുമ്പോൾ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് പേരും പ്രശസ്തിയുമാണ് ബാഹുബലി സീരിസിലൂടെ നടന് ലഭിച്ചത്.കൽക്കിയാണ് പ്രഭാസ് അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ.
ആരാധകര്‍ തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ പലരുമായും ചേര്‍ത്ത് പ്രഭാസിന്‍റെ വിവാഹ വാര്‍ത്തകള്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും യാഥാര്‍ഥ്യമായില്ലെന്ന് മാത്രം. എന്നിരിക്കിലും ഇടയ്ക്കിടെ പ്രഭാസിന്‍റെ വിവാഹം എപ്പോഴെന്ന കാര്യം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. പ്രഭാസിന്‍റെ ഒരു അടുത്ത ബന്ധുവിന്‍റെ ഇത് സംബന്ധിച്ച കമന്‍റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
പ്രഭാസിന്‍റെ അമ്മായി ശ്യാമളാ ദേവിയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വേഗത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ശിവ ഭാഗവാന്‍റെ അനുഗ്രഹം ഉണ്ടാവുമ്പോള്‍ പ്രഭാസ് വിവാഹം കഴിക്കുമെന്നാണ് അവര്‍ പറഞ്ഞത്. കുടുംബം അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ശിവഭഗവാന്‍റെ അനുഗ്രഹത്തോടെ അത് വേഗത്തില്‍ നടക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച പുതിയ ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്‍റെ ആരാധകര്‍.