
“ഒരിക്കല്‍ നിങ്ങളെ തൂക്കിയ സോഷ്യല്‍ മീഡിയ നിങ്ങളങ്ങ് തൂക്കി..” മോഹൻലാലിനെക്കുറിച്ച് കുറിപ്പ്
എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ അതുഗ്രൻ ബോക്സ് ഓഫീസിൽ വിജയങ്ങൾക്ക് ശേഷം, മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലെ ഇത് വരെ കാണാത്ത ഭാവപ്പകർച്ച കൊണ്ട് ഞെട്ടിച്ചിരുന്നു സൂപ്പർതാരം. ഇനി അടുത്തതായി മോഹൻലാൽ എത്തുക, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് രമ്യ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
നിങ്ങള്‍ എവിടെയായിരുന്നു മിസ്റ്റര്‍ മോഹന്‍ലാല്‍? നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന തരുണ്‍ മൂര്‍ത്തിയുടെ ഭാഷയിലെ ഞങ്ങളെപ്പോലുള്ള സ്ലീപ്പര്‍സെല്‍ ആരാധകരെ നിങ്ങള്‍ മറന്നുപോയത് എപ്പോഴാണ്?
നിങ്ങള്‍ക്കറിയാമോ സോഷ്യല്‍ മീഡിയ നിങ്ങളെ ആവശ്യത്തിനും അനാവശ്യത്തിനും അപഹസിക്കുന്നത് കണ്ട് കിരീടത്തില്‍ സേതുമാധവനെ നിയമത്തിന് വിട്ടുകൊടുക്കുന്ന അച്ഛനെ പോലെ ഞങ്ങള്‍ നിസ്സഹായരായി നോക്കിനിന്നിട്ടുണ്ട്. ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ഒട്ടുംശ്രദ്ധയില്ലാതെ നിങ്ങള്‍ ഓരോ ചുവടുംവയ്ക്കുന്നത് കണ്ട് നെഞ്ചിടിപ്പേറ്റി നിന്നിട്ടുണ്ട്. ഇപ്പോ വീണേനെ എന്ന് തോന്നുന്നിടത്തുനിന്ന് നിങ്ങള്‍ ഒറ്റക്കൈ കുത്തി അരമതില്‍ ചാടി വരുമ്പോള്‍ ആശ്വാസത്തോടെ നിശ്വസിച്ചിട്ടുണ്ട്. പക്ഷെ പിന്നെയും നിങ്ങള്‍ തത്തുമ്മയെ പിടിക്കാന്‍ കുട്ടികളെ പോലെ മണ്ടിപ്പായുന്നത് കണ്ട് തലയ്ക്ക് കൈവച്ച് ഇരുന്നിട്ടുണ്ട്. ഇസങ്ങളില്‍ തട്ടി നിങ്ങള്‍ക്ക് പോറലേല്‍ക്കുമ്പോഴും അനുഭവിച്ചോയെന്ന് മനസ്സില്‍ ശകാരിക്കുമ്പോഴും ഈ മനുഷ്യനിത് എന്തിന്റെ കേടായിരുന്നുവെന്ന് നഖം കടിച്ച് തുപ്പി ആലോചിച്ചിട്ടുണ്ട്. മറുപടിയില്ലാതെ മറുപടി പറയാന്‍ ബാധ്യസ്ഥനായി നിങ്ങള്‍ നില്‍ക്കേണ്ടി വന്നപ്പോഴെല്ലാം ഞങ്ങള്‍ അസ്വസ്ഥരായിട്ടുണ്ട്.
ശ്ശൊ, ഇയാള്‍ക്ക് ആ ശരീരം ഒന്നു ശ്രദ്ധിച്ചൂടെ, ഒന്നു മത്സരബുദ്ധിയോടെ സിനിമകള്‍ തിരഞ്ഞെടുത്തൂടെ, സോഷ്യല്‍ മീഡിയയുടെ പള്‍സറിയാന്‍ മേലാത്ത ഈ ഡോ.സണ്ണി അത്ര കേമനൊന്നുമല്ലെന്ന് വരെ ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്.
നിങ്ങള്‍ക്കറിയാമോ?
നിങ്ങളുടെ കണ്‍പീലികളില്‍ നനവ് പടരുമ്പോള്‍ നിങ്ങളുടെ വിരലുകള്‍ വിറയ്ക്കുമ്പോള്‍ പ്രകമ്പനം കൊണ്ടിരുന്നത് ഞങ്ങളുടെ ഹൃദയമായിരുന്നു.പഴയ ലാലേട്ടനെ കാണാമെന്ന തരുണ്‍മൂര്‍ത്തിയുടെ വാക്കും വിശ്വസിച്ചാണ് തുടരുമിന് ടിക്കറ്റെടുത്തത്. ശ്ശെടാ എന്നാ ഗ്ലാമറായിരുന്നു, സുന്ദരക്കുട്ടപ്പനായിരിക്കുന്നു..സന്തോഷിപ്പിച്ചത് ഫിറ്റ്‌നെസ്സില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ വന്ന മാറ്റമാണ്..പഴയ ലാല്‍ മാനറിസങ്ങളുടെ നിഴലുകള്‍ എവിടെയെല്ലോ കണ്ടതിന്റെ ഗൂഢാനന്ദത്തിലാണ് അന്ന് തിയേറ്റര്‍ വിട്ടത്.
പിന്നെ കാത്തിരിപ്പായിരുന്നു.. ഹൃദയപൂര്‍വം നിങ്ങളെത്തുന്നതും കാത്ത്.. ആ ഗ്യാപില്‍ പക്ഷെ നിങ്ങളങ്ങ് കേറി കസറി. വീണ്ടും കറുപ്പണിഞ്ഞ് റിയാലിറ്റി ഷോയുടെ ട്രെയ്‌ലര്‍ നിങ്ങള്‍ മാസ്സാക്കി. ആഹ് പൊളിച്ചല്ലോ എന്ന് വീമ്പുപറഞ്ഞിരിക്കുമ്പോഴതാ വരുന്നു… ഡയമണ്ട് നെക്ലേസുമിട്ട് വിരല്‍ത്തുമ്പില്‍ പോലും സ്‌ത്രൈണത നിറച്ചുകൊണ്ട് ഞങ്ങള്‍ പെണ്ണുങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന രീതിയില്‍…ഉയ്യോ..രോമാഞ്ചിഫിക്കേഷന്‍!!!! കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ ഒരു പരസ്യമിങ്ങനെ വീണ്ടും വീണ്ടും കണ്ടിരിക്കുമ്പോഴുണ്ട് ഹൃദയപൂര്‍വം ട്രെയ്‌ലര്‍.
ആ കൂളിംഗ് ഗ്ലാസിന് മുകളിലൂടെയുള്ള നോട്ടം നല്ല പരിചയമുണ്ടല്ലോ..
ഒരിക്കല്‍ നിങ്ങളെ തൂക്കിയ സോഷ്യല്‍ മീഡിയ നിങ്ങളങ്ങ് തൂക്കി.
നിങ്ങള്‍ക്കറിയാമോ, നിങ്ങള്‍ക്കൊപ്പം നൃത്തംവച്ചു മതിയാകാതെയാണ് ഞങ്ങള്‍ ഛോട്ടാമുംബൈയ്ക്ക് വീണ്ടും വീണ്ടും ടിക്കറ്റെടുത്തത്. എന്തരോ മഹാനുഭാവുലുവിനൊപ്പമുള്ള നിങ്ങളുടെ കൈകളുടെ ചലനങ്ങള്‍ കാണുന്നതിന് വേണ്ടിയാണ് സിനിമ തീര്‍ന്നിട്ടും ആ തിയേറ്ററില്‍ ഞങ്ങളിരുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്കാരായിരുന്നു?
ദൗര്‍ബല്യങ്ങളുള്ള മനുഷ്യനായി, കുട്ടിത്തവും ചമ്മലും തോളുചെരിച്ചുളള വട്ടംകറങ്ങലും തലകുത്തിമറിയലുമായി നിങ്ങളിനിയും വാ..എന്നിട്ട് പോരുന്നോ എന്റെ കൂടെ എന്ന് ചോദിച്ച് ഇല്ലാത്ത നാടും ആചാരവുംകാണിച്ച് ഇനിയും ഞങ്ങളെ പറ്റിക്ക്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ആ റോസ് മാക്‌സിയണിഞ്ഞ് നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാമെന്ന് പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിക്ക്.. നൃത്താധ്യാപകനായോ, കഥകളി നടനായോ, സൈക്യാട്രിസ്റ്റായോ നോവലിസ്റ്റായോ കലക്ടറായോ നിങ്ങള്‍ ആരായാലും വന്നാലും ഞങ്ങള്‍ വിശ്വസിക്കും…ഞങ്ങള്‍ക്ക് നിങ്ങള്‍ നിസ്സഹായനായ സേതുമാധവനാണ്, നാട്ടുകാരുടെ ബാലേട്ടനാണ്, ആണഹന്തയില്‍ ആര്‍മാദിക്കുന്ന മംഗലശ്ശേരി നീലകണ്ഠനാണ്..കാമുകിയെ ചാഞ്ചക്കം പാടിയുറക്കുന്ന ജോജിയാണ്
ഒന്നുകൂടി ഹരിച്ചും ഗുണിച്ചും നോക്കിയാലും ഇനിയുമേറെ ലാല്‍ ഭാവങ്ങള്‍ കാണാന്‍ ബാക്കിയുണ്ടെന്ന് തന്നെയാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. നിങ്ങളുടെ ഫ്‌ളെക്‌സിബിലിറ്റിയും നൈസര്‍ഗികമായ കഴിവുകളും സ്‌ത്രൈണതയുമെല്ലാം ഓരോ സംവിധായകരും വാതോരാതെ പറയുന്നത് കേട്ടിട്ടുണ്ട്..സെക്കന്‍ഡുകള്‍ മാത്രം ത്രിലോക സുന്ദര മോഹിനിയായി നിങ്ങള്‍ മാറിയത് ഒരു മുഴുനീള ചിത്രത്തിലായിരുന്നെങ്കിലെന്ന് വെറുതെ വെറുതെ കൊതിച്ചുപോവുകയാണ്..കൈയടക്കത്തോടെ നിങ്ങളൊരു മോഹിനിയായി മാറിയിരുന്നെങ്കില്‍..
ഹാ…പറയാന്‍ ഇത്രയേയുള്ളൂ
ആ പഴയ വിന്റേജ് മോഹന്‍ ലാലിനെ ഞങ്ങള്‍ക്ക് വേണം..
സോഷ്യല്‍ മീഡിയയില്‍ ഇനി ഞങ്ങളെ തനിച്ചുനിര്‍ത്തരുത്..
നിങ്ങളില്ലാതെ ഞങ്ങള്‍ക്കൊരാഘോഷമില്ല ലാലേട്ടാ..
യേശുദാസിന്റെ പാട്ടുപോലെ നിങ്ങള്‍ ഞങ്ങള്‍ മലയാളികളുടെ ശീലമാണ്…
എങ്കിലേ…
ഞങ്ങളോട് പറ..
📝 Remya Harikumar