
“ഉണ്ണി മുകുന്ദന്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന വാദം തെറ്റ്; പൊലീസ് എല്ലാം ശേഖരിച്ചു ചാർജ് ഷീറ്റ് നൽകി”: വിപിന്‍ കുമാര്‍
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മുൻ മാനേജറും പിആർഓയുമായിരുന്ന വിപിൻ പോലീസിനെ സമീപിച്ചത്. കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന്, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ഇതിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മർദനം നടന്നില്ലെന്നും എന്നാൽ പരസ്പരം പിടിവലി നടന്നിരുന്നുവെന്നും വ്യക്തമാക്കി കുറ്റപത്രം സമർപ്പിച്ചുവെന്ന് പ്രമുഖ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിപിൻ കുമാർ. താൻ കൊടുത്തിരിക്കുന്ന പരാതിയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ശരിയാണെന്ന് സാക്ഷി മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിനുശേഷം ആണ് പോലീസ് കോടതിയിൽ ചാർജ് ഷീറ്റ് കൊടുത്തിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പിൻ്റെ പൂർണരൂപം
സാധാരണ ഒരു പ്രശ്നം വരുമ്പോൾ മാധ്യമങ്ങൾ പൊതുവേ ഇരയ്ക്കൊപ്പം നിൽക്കുന്നതാണ് കാണാറുള്ളത്. എന്നാൽ ഞാൻ കൊടുത്ത ഒരു പരാതിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ എന്താണ് പ്രതിക്ക് അനുകൂലമായി മാത്രം വാർത്തകൾ കൊടുക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
പ്രതിസ്ഥാനത്ത് ഒരു സിനിമാ നടൻ ആയതുകൊണ്ടാണോ?
ഞാൻ കൊടുത്തിരിക്കുന്ന പരാതിയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ശരിയാണെന്ന് സാക്ഷി മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിനുശേഷം ആണ് പോലീസ് കോടതിയിൽ ചാർജ് ഷീറ്റ് കൊടുത്തിരിക്കുന്നത്.
എൻറെ പരാതിയിൽ എവിടെയും ഞാൻ എന്നെ ക്രൂരമായി മർദ്ദിച്ചു എന്ന് പറഞ്ഞിട്ടില്ല. പിടിവലി നടക്കുകയും, കൂടാതെ എൻറെ കീഴ്ത്താടിയിൽ ഒരു അടി കിട്ടി എന്നാണ് എൻറെ പരാതിയിലും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിലും പറഞ്ഞിരിക്കുന്നത്.
എൻറെ താമസസ്ഥലത്ത് കടന്നുവന്ന് എന്നെ മർദ്ദിക്കണമെന്ന് ഉദ്ദേശത്തോടുകൂടി എന്നെ ആളൊഴിഞ്ഞ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചു വരുത്തുകയും എന്നെ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച എൻറെ മുഖത്തിരുന്ന എന്റെ സ്വകാര്യ പ്രോപ്പർട്ടി ആയ കണ്ണട എറിഞ്ഞുടക്കുകയും ഫോൺ തട്ടി താഴെ ഇടുകയും ചെയ്തതുൾപ്പെടെ എല്ലാ കുറ്റകൃത്യങ്ങളും സാക്ഷി മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസിന് തെളിവ് ലഭിക്കുകയും, എല്ലാ വകുപ്പുകളും ചേർത്ത് ചാർജ് ഷീറ്റ് കൊടുക്കുകയും ചെയ്തിട്ടും ‘ഉണ്ണി മുകുന്ദൻ മാനേജരെ മർദ്ദിച്ചതിന് തെളിവില്ല ‘ എന്ന് ഹെഡ്ലൈൻ കൊടുത്ത് വാർത്ത കൊടുക്കുന്നതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ല.
അതും പ്രതി ഇത്തരത്തിലുള്ള ക്രിമിനൽ കേസുകളിൽ മുമ്പും നിയമ നടപടി നേരിട്ട ആളാണെന്ന് ഇരിക്കെ.
മുൻപ് മാതൃഭൂമി ചാനലിന്റെ റിപ്പോർട്ടറെയും, ക്യാമറമാനെയും മർദ്ദിച്ചതുമായി ബന്ധപ്പെട്ട് എടുത്തിരുന്ന കേസിനേക്കാൾ ഒരു വകുപ്പ് കൂടുതലാണ് എൻറെ കേസിൽ എടുത്തിരിക്കുന്നത്.
അന്ന് ‘ഉണ്ണി മുകുന്ദൻ നടനോ അതോ ഗുണ്ടയോ’എന്ന് ഹെഡിങ് കൊടുത്ത് ന്യൂസ് ചർച്ച നടത്തിയ ചാനൽ തന്നെ ഇന്ന് ഉണ്ണി മുകുന്ദനെ വെളുപ്പിക്കാൻ നോക്കുമ്പോൾ കഷ്ടം തോന്നുന്നു. ആ കേസ് പിന്നീട് എങ്ങനെയാണ് കോടതിയിൽ തീർന്നതെന്ന് എന്നതിൻറെ ദൃക്സാക്ഷി കൂടിയാണ് ഞാൻ.
സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിൽ പോലും കേസ് പിൻവലിക്കില്ല എന്ന് ഞാൻ നിലപാടെടുത്തത് എനിക്ക് ഈ വിഷയം ഉണ്ടാക്കിയ ശാരീരിക ആഘാതത്തെക്കാൾ മാനസിക ബുദ്ധിമുട്ട് അത്രയേറെ വലുതായതുകൊണ്ടാണ്.
എന്നെക്കുറിച്ച് ഉണ്ണി മുകുന്ദൻ പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങൾ കള്ളമായിരുന്നു എന്ന് സിനിമാ സംഘടനകളുടെ ഭാരവാഹികൾ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണ്.
അതുകൊണ്ടുതന്നെ ആരുടെ ഭാഗത്താണ് ശരി എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും.
ഞാൻ ഒരു താരം അല്ലാത്തതുകൊണ്ട് സിനിമാ മേഖലയ്ക്ക് പുറത്തുള്ളവരുടെ പിന്തുണ എനിക്ക് കിട്ടില്ലായിരിക്കും.
പക്ഷേ ഈ കേസിൽ ഉണ്ണി മുകുന്ദൻ കോടതിയിൽ വിചാരണ നേരിടേണ്ടി വരും. അവിടെ സത്യം തെളിയും. കോടതിയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
Truth prevails.