
“സിനിമയിൽ ഒരു കഥാപാത്രത്തിനു ജാനകിയെന്ന പേര് വന്നാൽ തകർന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല വിശ്വാസം ” ; അഭിലാഷ് പിള്ള
സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. റിലീസ് പ്രഖ്യാപിച്ച് ടീസറും ട്രെയിലറും സെൻസർ ചെയ്ത ഒരു സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് പറയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നോ അതോ ആരുടെയൊക്കെ വിശ്വാസത്തിന്റെ പേരിലാണെന്നോ മനസിലാകുന്നില്ലെന്ന് അഭിലാഷ് പറയുന്നു.
ഇവർ പറയുന്ന വിശ്വാസം മനസ്സിൽ ഉള്ള ആളാണ് താനെന്നും സിനിമയിൽ ജാനകിയെന്ന പേര് വന്നാൽ തകർന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല വിശ്വാസമെന്നും അഭിലാഷ് പിള്ള കുറിക്കുന്നു. ജെഎസ്കെ സിനിമ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിൽ തന്നെ തിയറ്ററുകളിലെത്തണമെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.
ജാനകി എന്ന പേര് കൊടുക്കുമ്പോൾ ജെഎസ്കെയുടെ എഴുത്തുകാരനും സംവിധായകനും ഒരുപക്ഷെ ആ കഥാപാത്രത്തെ അത്രയും ശക്തമായ സ്ത്രീ കഥാപാത്രമായാകും സൃഷ്ടിച്ചിട്ടുണ്ടാവുക, സ്വന്തം മകളെ പീഡിപ്പിച്ച പ്രതികളെ കൊന്ന് കളയാൻ കോടതി മുറ്റത്ത് വെച്ച് പറയുന്ന അമ്മ കഥാപാത്രത്തിനു പത്താംവളവിൽ സീത എന്ന് പേര് ഞാൻ കൊടുത്തത് ആ കഥാപാത്രത്തെ അത്രയും ശക്തയാക്കാൻ വേണ്ടി തന്നെയാണ്. അത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്, റിലീസ് പ്രഖ്യാപിച്ച് ടീസറും ട്രെയിലറും സെൻസർ ചെയ്ത ഒരു സിനിമയെ അതിന്റെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് സെൻസർ ബോർഡ് പറയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നോ അതോ ആരുടെയൊക്കെ വിശ്വാസത്തിന്റെ പേരിലാണെന്നോ മനസിലാകുന്നില്ല. ഒന്ന് മാത്രം പറയാം ഇവർ പറയുന്ന വിശ്വാസം മനസ്സിൽ ഉള്ള ആളാണ് ഞാൻ പക്ഷെ ഒരു സിനിമയിൽ ഒരു കഥാപാത്രത്തിനു ജാനകി എന്ന് പേര് വന്നാൽ തകർന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല ആ വിശ്വാസം. ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിൽ തന്നെ സിനിമ തിയേറ്ററിൽ എത്തണം..സിനിമക്കൊപ്പം”, എന്നായിരുന്നു അഭിലാഷ് പിള്ളയുടെ വാക്കു,കൾ.