
ജോജുവിന്‍റെ ആരോപണങ്ങള്‍ക്കുള്ള പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി
താന്‍ സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലമൊന്നും ലഭിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങളില്‍ ജോജു ജോര്‍ജിനോടുള്ള പ്രതികരണം സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ജോജു ജോര്‍ജ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ജോജുവിന് നിര്‍മ്മാതാക്കള്‍ നല്‍കിയ പ്രതിഫലം വെളിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പിന്നാലെ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ്. ഈ പോസ്റ്റ് ആണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ തെറി ഇല്ലാത്ത ഒരു പതിപ്പിലും താന്‍ അഭിനയിച്ചിരുന്നുവെന്നും തെറിയുള്ള പതിപ്പ് ചലച്ചിത്രോത്സവങ്ങളില്‍ മാത്രം പ്രദര്‍ശിപ്പിക്കാനുള്ളതാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നുമായിരുന്നു ജോജു അഭിമുഖത്തില്‍ പറഞ്ഞത്. പിന്നാലെ തെറിയുള്ള പതിപ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നുവെന്നും. ഒരു രൂപ പോലും ചിത്രത്തില്‍ തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ജോജു ആരോപിച്ചിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ ഇനിയും റിലീസ് ചെയ്തിട്ടില്ലെന്നും ഒടിടിയിലാണ് പ്രദര്‍ശിപ്പിച്ചതെന്നും വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു ലിജോയുടെ പ്രതികരണം. ഒപ്പം ജോജുവിന് നല്‍കിയ ആറ് ലക്ഷത്തോളം രൂപയുടെ കണക്കും ലിജോ പുറത്തുവിട്ടിരുന്നു
“പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു”, എന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സോഷ്യല്‍ മീഡിയ പ്രതികരണം.