
വമ്പൻ താരനിരയുമായി എത്തുന്ന ‘കണ്ണപ്പ’ നാളെ മുതൽ തിയേറ്ററുകളിൽ
ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ-ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ നാളെ മുതൽ തിയേറ്ററുകളിൽ. ഇതിഹാസ കഥാപാത്രമായ കിരാതയായി ചിത്രത്തിൽ മോഹൻലാൽ എത്തുന്നതിനാൽ തന്നെ മലയാളി പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇരുവർക്കും പുറമെ പ്രഭാസ്, അക്ഷയ് കുമാർ, മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രത്തിന്‍റെ പ്രീ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻ പുരാണങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതാണ് ചിത്രം. ശിവനോടുള്ള അചഞ്ചലമായ സ്നേഹവുമായി ജീവിക്കുന്ന ഇതിഹാസ ശിവ ഭക്തന്‍റെ അതിശയിപ്പിക്കുന്ന യാത്രയാണ് ‘കണ്ണപ്പ’ പറയുന്നത്. ‘കണ്ണപ്പ’യുടെ പോസ്റ്ററുകളും ടീസറും ട്രെയിലറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. അർപ്പിത് രങ്ക, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘കണ്ണപ്പ’. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ‘കണ്ണപ്പ’യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം: സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍: ആന്‍റണി ഗോണ്‍സാല്‍വസ്.