
ഈ തലമുറയുടെ കഥ! പ്രായഭേദമന്യേ ഏവരേയും പിടിച്ചിരുത്തുന്ന ചിത്രമായി ‘ഈ വലയം’
മണിക്കൂറുകളോളം മൊബൈൽ ഫോണ്‍ നോക്കിയിരിക്കുന്നവരാണോ നിങ്ങള്‍?ശരീരത്തിൽ ഒരവയവത്തെ പോലെയായി മൊബൈൽ നിങ്ങള്‍ക്ക് മാറിതുടങ്ങിയോ? നോമോഫോബിയയുടെ പിടിയിലാണ് നിങ്ങള്‍. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്കൊരു മുന്നറിയിപ്പായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ‘ഈ വലയം’ എന്ന ചിത്രം.
ഈ തലമുറയിലെ കുട്ടികളിൽ മൊബൈൽ ഫോൺ സൃഷ്ടിക്കുന്ന പ്രശ്നങ്ങല്‍ അനുദിനമെന്നോണം പെരുകി വരികയാണ്. ഇനി മതി ഫോണ്‍ നോക്കിയതെന്ന് പറഞ്ഞ് ആരെങ്കിലും കുട്ടികളുടെ കൈയ്യിൽ നിന്നും ഫോണ്‍ തിരികെ വാങ്ങുമ്പോഴുണ്ടാകുന്ന അനിയന്ത്രിതമായ ദേഷ്യം, ഏത് നേരവും മൊബൈൽ ഫോണിന് വാശിപിടിക്കുന്ന കുട്ടികള്‍, അമിത സ്‌ക്രീന്‍ ഉപയോഗം മൂലം വെര്‍ച്വല്‍ ഓട്ടിസം വരുന്ന കുട്ടികള്‍, ഇത്തരത്തിൽ മൊബൈലും ഇന്‍റർനെറ്റുമൊക്കെ മൂലമുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങള്‍ തുറന്നുകാട്ടുകയാണ് ശ്രീജിത്ത് മോഹൻദാസിന്‍റെ രചനയിൽ രേവതി സുമംഗലി വർമ്മ സംവിധാനം ചെയ്തിരിക്കുന്ന ‘ഈ വലയം’.
നീലി, മോണിക്ക, റയാൻ പുതു തലമുറയുടെ പ്രതിനിധികളായ ഈ മൂന്ന് കുട്ടികളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. കൊവിഡ് കാലത്ത് കുട്ടികളുടെ കൈയ്യിൽ മൊബൈൽ ഫോൺ നൽകി തുടങ്ങിയതോടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ കഥാതന്തു. ഗെയിംമിങ് ലോകത്തേക്ക് ആകർഷകരായ നീലിയ്ക്കും മോണിക്കയ്ക്കും ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെ മുന്നോട്ടുപോകുന്ന ചിത്രം ലഹരി ഉപയോഗം പോലെ ഒരു ആസക്തിയാണ് മൊബൈൽ ഉപയോഗവും എന്ന ചിന്തയാണ് തുറന്നുകാണിക്കുന്നത്.
ഈ കാലഘട്ടത്തിൽ ശ്രദ്ധേയമായ ചില ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ഷാലു റഹിം, ആഷ്‌ലി ഉഷ, അക്ഷയ് പ്രശാന്ത്, സിദ്ര മുബാഷിർ, സാന്ദ്ര നായർ, ആര്യ പി മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സിനിമയിലെ പ്രധാന കഥാപാത്രമായെത്തിയിരിക്കുന്ന പുതുമുഖ താരം ആഷ്‌ലി ഉഷയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.
ബോളിവുഡില്‍ ഏറേ ശ്രദ്ധേനായ അരവിന്ദ് കമലാനന്ദൻ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും മനോഹരമാണ്. ശശികുമാറിന്‍റെ ചിത്രസംയോജന മികവും എടുത്തുപറയേണ്ടതാണ്. ജെറി അമല്‍ദേവ്, എബി കാൽവിൻ എന്നിവരൊരുക്കിയിരിക്കുന്ന മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ട്. എല്ലാവരോടും ചിരിച്ച് കളിച്ച് വർത്തമാനം പറഞ്ഞ് പെരുമാറിയിരുന്ന കുട്ടികള്‍ പെട്ടെന്ന് ഉള്ളം കൈയ്യിലെ കുഞ്ഞു സ്‌ക്രീനിലേക്ക് കൂടുതലൊതുങ്ങുകയും അധികമാരോടും സംസാരിക്കാതെ, പുറത്ത് പോകാന്‍ താത്പര്യം കാണിക്കാതെ ഉള്‍വലിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ ഓരോ മാതാപിതാക്കളും കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ‘ഈ വലയം’ എന്ന് നിസ്സംശയം പറയാം.