
ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’..:ചിത്രം വൻവിജയത്തിലേക്ക്
അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുന്നു. പിഎസ്സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർഗീസ് പീറ്ററാണ് ചിത്രത്തിലെ നായകൻ. താത്പര്യമില്ലാതെ പൊലീസ് ജോലിക്ക് പോകേണ്ടി വരുന്ന വർഗീസിന് മുത്തങ്ങ സമരത്തിൽ സമരക്കാരെ നിയന്ത്രിക്കാൻ ചുമതല ലഭിക്കുന്നിടത്താണ് കഥ ചൂടുപിടിക്കുന്നത്.
സമരക്കാർക്ക് സംരക്ഷണം ഒരുക്കുകയാണോ എന്ന ചിന്ത ആദ്യം തോന്നുന്ന വർഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. കേരളത്തിന്റെ സാമൂഹിക –രാഷ്ട്രീയ ചരിത്രത്തിൽ വേറുമൊരു സ്ഥലപ്പേരിൽ മാത്രമൊതുങ്ങുന്നതല്ലാത്ത മുത്തങ്ങ ഭൂസമരങ്ങൾ ഓർമ്മപ്പെടുത്തികൊണ്ടാണ് നരിവേട്ട കഥ പറയുന്നത്.
നിരൂപക പ്രശംസയ്ക്ക് പുറമെ ബോക്സ് ഓഫീസിലും ആഗോളതലത്തിൽ വേട്ട തുടരുകയാണ് ‘നരിവേട്ട’.ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ ഇമോഷണൽ അഭിപ്രായങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ചിത്രത്തിന്റെ സ്വീകാര്യതയെ വ്യക്തമാക്കുന്നുണ്ട്. നടന്ന സംഭവങ്ങളെ സിനിമാറ്റിക്ക് എലമെന്റ് ചേർത്തൊരുക്കിയ നരിവേട്ട ടോവിനോയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണെന്നാണ് പ്രേക്ഷക നിരൂപക അഭിപ്രായം.
എ ആർ എം എന്ന സിനിമക്ക് ശേഷം ടോവിനോയുടേതായി പുറത്തിറങ്ങുന്ന വൻ ഹിറ്റ് സിനിമ കൂടിയാണിത്. ടൊവിനോയ്ക്ക് പുറമെ തമിഴ് നടനും സംവിധായകനുമായ ചേരൻ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട് നരിവേട്ടയിൽ എന്ന പ്രത്യേകതയുണ്ട്. മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ചേരൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.