
തമിഴകത്തെ ഞെട്ടിച്ച് ടൂറിസ്റ്റ് ഫാമിലി..!! കോടികൾ വാരിക്കൂട്ടി ചിത്രം
വൻ സർപ്രൈസ് ഹിറ്റായി മാറിയ തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലിയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ഗാനത്തിന് സംഗീതം ഒരുക്കിയത് ഷോൺ റോൾഡൻ ആണ്. അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. മോഹൻ രാജന്റേതാണ് വരികൾ. മെയ് 1ന് റിലീസ് ചെയ്ത ചിത്രം തമിഴിലെ സർപ്രൈസ് ഹിറ്റായി മാറുക മാത്രമല്ല, കളക്ഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. റിലീസ് ചെയ്ത് ഇതുവരെ 75 കോടിയാണ് ടൂറിസ്റ്റ് ഫാമിലി നേടിയിരിക്കുന്നത്. ഇരുപത്ത് മൂന്ന് ദിവസത്തെ ചിത്രത്തിന്റെ ഒഫീഷ്യൽ കണക്കാണിത്.
അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും (ശശി കുമാർ ) കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയിൽ പറഞ്ഞു വയ്ക്കുന്നത്. ധർമ്മദാസും ഭാര്യ വാസന്തി (സിമ്രാൻ) മക്കളായ നിതുഷൻ (മിഥുൻ ജയ് ശങ്കർ ) മൂളി (കമലേഷ് ) ഇവർ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. തുടർന്ന് നടക്കുന്ന സംഭാവ വികാസങ്ങൾ പ്രേക്ഷക മനസിനെ തൊടുന്ന മുഹൂർത്തങ്ങളാണ്. അതാണ് സിനിമയുടെ വിജയത്തിന്റെ ഫോർമുലയും.
സിമ്രാനും ശശികുമാറിനും ഒപ്പം യോഗി ബാബു, എംഎസ് ഭാസ്കർ, രമേശ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരും ടൂറിസ്റ്റ് ഫാമിലിയിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. 2024 സെപ്റ്റംബറിലാണ് ടൂറിസ്റ്റ് ഫാമിലി പ്രഖ്യാപിക്കുന്നത്. ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം മുപ്പത്തി അഞ്ച് ദിവസത്തോളമെടുത്താണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഛായാഗ്രഹണം അരവിന്ദ് വിശ്വനാഥനും എഡിറ്റിംഗ് ഭരത് വിക്രമനും നിർവഹിച്ചിരിക്കുന്നു. മില്യൺ ഡോളർ സ്റ്റുഡിയോയും എംആർപി എന്റർടൈൻമെൻസും ചേർന്നാണ് നിർമാണം.