
“ടൊവിയുടെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആണ് ‘നരിവേട്ട’യിൽ ഉള്ളത് ” ; തുറന്ന് പറഞ്ഞ് സംവിധായകൻ
ഇഷ്ക്കിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത്, ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന “നരിവേട്ട” റിലീസിന് ഒരുങ്ങുകയാണ്. സെൻസർ ബോർഡിന്റെ മികച്ച പ്രതികരണത്തോടെ യു/എ (U/ A) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മെയ് 23നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ നായകനായ ടൊവിനോ തോമസിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ അനുരാജ് മനോഹർ.
ഈ സിനിമ നിങ്ങൾക്ക് പൂർണ്ണമായും എൻജോയ് ചെയ്യാൻ പറ്റുന്ന വിധത്തിൽ സംഘർഷങ്ങളും കോൺഫ്ലിക്ടുകളും ഇമോഷണൽ കണക്ഷനുമെല്ലാം അടങ്ങിയ ഒന്നാണ്. അതെല്ലാം കൃത്യമായി അടയാളപ്പെടുത്തിയ ഒരു സിനിമയാണ്. ആ ഒരു കോൺഫിഡൻസിലാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്. ഞാൻ ഇഷ്ക് എന്ന സിനിമ ചെയ്ത് ആറ് വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ടൊവി എന്റെ സുഹൃത്താണ്. എന്നെ സംബന്ധിച്ചിടത്തോളം ടൊവിയുടെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആണ് ഈ സിനിമയിലുള്ളത്. അതെനിക്ക് അഹങ്കാരത്തോട് കൂടി തന്നെ പറയാൻ പറ്റും. എന്നെ വിസ്മയിപ്പിച്ച ചില മുഹൂർത്തങ്ങളും എന്നെ കരയിപ്പിച്ച ചില മുഹൂർത്തങ്ങളും വൈകാരികമായി സ്പർശിച്ച ഒരുപാട് രംഗങ്ങളുമൊക്കെ ഈ സിനിമയിലുണ്ട്. ടൊവിനോയുടെ കരിയറിൽ തന്നെ അടയാളപ്പെടുത്താൻ പറ്റുന്ന സിനിമയായി മാറുമിതെന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട്‘, എന്ന് അനുരാജ് പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ തോമസ് സാമൂഹിക മാധ്യമങ്ങൾ പങ്ക് വച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട..’ എന്ന വാക്കുകളെ അർഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ടായിരുന്നു ട്രെയിലർ എത്തിയത്. ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ഓർമിപ്പിച്ചിരുന്നു ട്രെയിലർ.