
മോഹൻലാൽ ആരാധകർക്ക് അടുത്ത സർപ്രൈസ് …!!!മോഹന്‍ലാല്‍ – കൃഷാന്ദ് സിനിമ സ്ഥിരീകരിച്ച് മണിയന്‍പിള്ള രാജു
മോഹന്‍ലാലിനെ യുവ സംവിധായകരുടെ ചിത്രത്തില്‍ കാണാനുള്ള ആഗ്രഹം അദ്ദേഹത്തിന്‍റെ ആരാധകര്‍ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരന്തരം പങ്കുവെക്കുന്ന ഒന്നാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും തരുണ്‍ മൂര്‍ത്തിയുടെയും സംവിധാനത്തില്‍ മോഹന്‍ലാല്‍ അടുത്തിടെ എത്തിയത് കരിയറില്‍ അദ്ദേഹം തന്നെ സ്വീകരിച്ച ചുവടുമാറ്റത്തിന്‍റെ ഭാഗമായി വിലയിരുത്തുന്നവരും ഉണ്ട്. അദ്ദേഹത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയിലും യുവ സംവിധായകര്‍ ഇനിയും എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതില്‍ ഒരു പ്രോജക്റ്റ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. സംവിധായകന്‍ കൃഷാന്ദ് ഒരുക്കുന്ന ചിത്രത്തിന്‍റെ അപ്ഡേറ്റ് പങ്കുവച്ചത് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവാണ്.
തുടരും സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അദ്ദേഹത്തിന്‍റെ ദീര്‍ഘകാല സുഹൃത്ത് കൂടിയായ മണിയന്‍പിള്ള രാജുവാണ് കൃഷാന്ദിന്‍റെ മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു സമീപകാല അഭിമുഖത്തില്‍ പ്രോജക്റ്റിനെക്കുറിച്ച് അദ്ദേഹം നല്‍കിയ അപ്ഡേഷന്‍ ഇപ്രകാരമായിരുന്നു- ചെയ്യാന്‍ പോകുന്ന പുതിയ പ്രോജക്റ്റ് കൃഷാന്ദ് സംവിധാനം ചെയ്യുന്ന ഒരു മോഹന്‍ലാല്‍ പടം. അതിന്‍റെ സബ്ജക്റ്റിന്‍റെ ഒന്നാം റൗണ്ട് ഡിസ്കഷന്‍ ഒക്കെ കഴിഞ്ഞു. ഇപ്പോഴത്തെ സിനിമാ പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന്‍റെ പ്രായം 18 മുതല്‍ 45 വരെയാണ്. അവര്‍ക്ക് കൃഷാന്ദിനെ വലിയ ഇഷ്ടമാണ്, മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു.
അതേസമയം മോഹന്‍ലാലുമൊത്ത് വരാനിരിക്കുന്ന തന്‍റെ ചിത്രം സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കൃഷാന്ദും ആദ്യമായി പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ജോണര്‍ സംബന്ധിച്ചാണ് അതില്‍ കൗതുകകരമായ കാര്യം. ചിത്രം ഡിറ്റക്റ്റീവ് കോമഡി ജോണറിലുള്ള എക്സ്പെരിമെന്‍റല്‍ ചിത്രം ആയിരിക്കുമെന്ന ഒരു ഇന്‍സ്റ്റഗ്രാം പേജിന്‍റെ റിപ്പോര്‍ട്ട് കൃഷാന്ദ് തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ഇതേ കാര്യം പറയുന്ന ഒരു മാധ്യമ റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് ഒരു അന്വേഷകന്‍റെ റോളില്‍ മോഹന്‍ലാല്‍ എത്തുന്നത്. അത് ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രം കൂടി ആയിരിക്കുമെന്ന വിവരം സിനിമാപ്രേമികളെ ഒട്ടൊന്നുമല്ല ആവേശപ്പെടുത്തുന്നത്.