“രാവണ പ്രഭുവിലെ തകില് പുകില് സോങ്ങിന്റെ അതേ ആറ്റിറ്റ്യൂഡിൽ ലാലേട്ടൻ ഇന്നും ഈസിയായി ചുവടുകൾ വക്കുന്നു “
1 min read

“രാവണ പ്രഭുവിലെ തകില് പുകില് സോങ്ങിന്റെ അതേ ആറ്റിറ്റ്യൂഡിൽ ലാലേട്ടൻ ഇന്നും ഈസിയായി ചുവടുകൾ വക്കുന്നു “

അഭിനയിക്കുന്ന കഥാപാത്രത്തിന് മോഹൻലാൽ നൽകുന്ന പൂർണത സിനിമാ ലോകത്ത് ഒട്ടനവധി തവണ ചർച്ചയായതാണ്. വാനപ്രസ്ഥത്തിലെ കഥകളി രം​ഗം, കമലദളത്തിലെ നൃത്തം തുടങ്ങി ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. ആക്ഷനും കട്ടിനുമിടയിലെ കുറച്ച് നേരത്തെ മാന്ത്രികതയായാണ് ലാലിന്റെ അഭിനയത്തെ ഫിലിം മേക്കേർസ് വിശേഷിപ്പിക്കാറ്. മോഹൻലാലിൻ്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ പലരും പറയുന്ന ഒന്നാണ് ഡാൻസ്. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാലിൻ്റെ ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുടരും’. ചിത്രത്തിലെ പുതിയ ഗാനത്തിലെ ലാലേട്ടൻ്റെ ചുവടുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അത്തരത്തിൽ മോഹൻലാലിൻ്റെ ഡാൻസിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വായിക്കാം. ” ഇനിയിപ്പോ ഡാൻസിനായി വേറൊരു സിനിമയിലൂടെ തിരിച്ചു വരാൻ മനസില്ല…….എത്ര വർഷങ്ങൾ ആയി അദ്ദേഹത്തിനൊരു ഡാൻസ് നമ്പർ ഉള്ള സിനിമ ലഭിച്ചിട്ട്…… എന്നിട്ടും രാവണ പ്രഭുവിലെ തകില് പുകില് സോങ്ങിന്റെ അതേ ആറ്റിറ്റ്യൂഡിൽ ലാലേട്ടൻ ഇന്നും ഈസിയായി ചുവടുകൾ വക്കുന്നു…..തരുൺ മൂർത്തി നിങ്ങളാണ് യഥാർഥ ഫാൻ ബോയ്..” എന്നായിരുന്നു കുറിച്ചത്. കൊണ്ടാട്ടം എന്ന ​ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. എം.ജി ശ്രീകുമാറും രാജലക്ഷ്മിയുമാണ് ​ഗായകർ.

തുടരും എന്ന ചിത്രം റിലീസിനോടടുത്തപ്പോൾ മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ​ഗാനമാണ് ഇത്. പ്രൊമോ ​ഗാനമായാണ് ഇപ്പോൾ കൊണ്ടാട്ടം എന്ന ​ഗാനം എത്തിയിരിക്കുന്നത്. മോഹൻലാൽ, ശോഭന എന്നിവരുടെ ചടുലമായ ചുവടുകളാണ് ​ഗാനത്തിന്റെ മുഖ്യ ആകർഷണം. സംവിധായകൻ തരുൺ മൂർത്തി, ​ഗായകൻ എം.ജി ശ്രീകുമാർ, സം​ഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരേയും ​ഗാനത്തിൽ കാണാം. ബൃന്ദയാണ് നൃത്തസംവിധാനം.

പ്രേക്ഷക ശ്രദ്ധ നേടിയ ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.