
“ഗംഭീരം അതി ഗംഭീര സിനിമയാണ് തുടരും” ; സംവിധായകൻ സെൽവരാഘവൻ
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് മോഹൻലാൽ. ഇതിനിടയിൽ പലതരത്തിലുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം കടന്നു പോയെങ്കിലും സാധാരണക്കാരനായി മോഹൻലാൽ എത്തുന്നത് കാണാൻ പ്രേക്ഷകർക്ക് ഇഷ്ടം ഏറെയാണ്. ഏതാനും വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ അങ്ങനെ ഒരു വേഷം അദ്ദേഹത്തിന് കിട്ടി. തുടരുമിലെ ഷൺമുഖൻ. തരുൺമൂർത്തി സംവിധാനം ചെയ്ത തുടരുമിൽ നിറഞ്ഞാടിയ മോഹൻലാൽ റെക്കോർഡുകൾ അടക്കം സൃഷ്ടിച്ചാണ് മുന്നേറിയത്.
മെയ് 30ന് ആയിരുന്നു തുടരും ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. തിയറ്ററുകളിൽ നിന്നും ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ഒടിടിയ്ക്ക് പിന്നാലെ ലഭിക്കുന്നത്. ഇപ്പോഴിതാ തുടരും കണ്ട് മോഹൻലാലിനെ പ്രശംസിച്ചിരിക്കുകയാണ് തമിഴ് സംവിധായകൻ സെൽവരാഘവൻ. മോഹൻലാലിന് മാത്രം ചെയ്യാനാകുന്ന സിനിമയാണ് തുടരുമെന്നും എന്തൊരു നടനാണ് അദ്ദേഹമെന്നും സംവിധായകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘ഗംഭീരം അതി ഗംഭീര സിനിമയാണ് തുടരും. മോഹൻലാൽ സാറിന് മാത്രമേ ഇങ്ങനെ ഒരു സിനിമ ചെയ്യാൻ സാധിക്കൂ. എന്തൊരു നടനാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ടെനിക്ക് അത്ഭുതം തോന്നിപ്പോയി’, എന്നാണ് സെൽവരാഘവൻ കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. ‘അതാണ് നമ്മുടെ ലാലേട്ടൻ’, എന്നാണ് പലരും കമന്റ് ചെയ്തത്.